കോടഞ്ചേരി: നിയമവിദ്യാർഥിയും സമൂഹമാധ്യമങ്ങളിലെ സജീവ സിപിഐ എം പ്രചാരകനുമായ അബു അരീക്കോടിന്റെ മരണത്തിൽ പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കോടഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ശനിയാഴ്‌ചയാണ് അബുവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ലോൺ ആപ്പ് തട്ടിപ്പാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണം ഉയർന്നിരുന്നു.
സിപിഐ എം കാരിപ്പറമ്പ് ബ്രാഞ്ച് അംഗമാണ് വട്ടോളി വി അബൂബക്കർ എന്ന അബു അരീക്കോട് (28). കൈതപ്പൊയിൽ നോളജ് സിറ്റിയിലെ മർകസ് ലോ കോളേജ് മൂന്നാം വർഷ വിദ്യാർഥിയാണ്. ബാപ്പ: കരീം മുസ്ലിയാർ. ഉമ്മ: റുഖിയ. സഹോദരങ്ങൾ: റുഫൈദ, റാഷീദ, ഫാറൂഖ്, നജീബ്, മുജീബ്, റാഫിദ, റഹീബ.
നവമാധ്യമങ്ങളിലെ സിപിഐ എമ്മിന്റെ സജീവ പ്രചാരകനെയാണ് അബു അരീക്കോടിന്റെ വേർപാടോടെ നഷ്ടമായത്. വിദ്യാർഥി രംഗത്തുകൂടി സംഘടനാ രംഗത്തേക്ക് കടന്നുവന്ന അബു എസ്എഫ്ഐ അരീക്കോട് ഏരിയാ സഹഭാരവാഹിയായും ഡിവൈഎഫ്ഐ അരീക്കോട് മേഖലാ പ്രസിഡൻ്റായും പ്രവർത്തിച്ചു.
സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും വേണ്ടി നിരന്തരം ഇടപെടുന്ന അബുവിന് നവമാധ്യമങ്ങളിൽ വലിയ സൗഹൃദ വലയവുമുണ്ടായിരുന്നു. സംഘടനാ പ്രവർത്തനവും ആരെയും ആകർഷിക്കുന്ന സംസാരശൈലിയിലും മുതൽക്കൂട്ടായിരുന്നു. വിയോഗവാർത്ത അറിഞ്ഞു സിപിഐ എം നേതാക്കളടക്കം നിരവധിയാളുകളാണ് നവമാധ്യമങ്ങളിലും അല്ലാതെയുമായി അനുശോചനം അറിയിച്ചത്.
Post a Comment