പുതിയ ലേബർ കോഡിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ തൊഴിലാളി സംഘടനകൾ



കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡിനെതിരായ പ്രതിഷേധം കടുപ്പിക്കാൻ തൊഴിലാളി സംഘടനകളുടെ തീരുമാനം. രാജ്യവ്യാപകമായുള്ള പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ദേശീയ പണിമുടക്ക് അടക്കം പ്രഖ്യാപിക്കാനാണ് നീക്കം. 


തൊഴിലാളി സംഘടനകൾ ദേശീയ പണിമുടക്ക് ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. തൊഴിലാളി സംഘടന നേതാക്കളുടെ യോഗം ചേർന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തും. വിവിധ സംസ്ഥാനങ്ങളിലെ മിനിമം തൊഴിൽ കൂലിയിലെ അന്തരം ഉയർത്തിക്കാട്ടിയാകും പ്രതിഷേധം ശക്തമാക്കുക.കേരളത്തിൽ നടപ്പാക്കില്ല
കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. 

ട്രേഡ് യൂണിയൻ നേതാക്കളുമായി നടത്തിയ യോഗത്തിന് ശേഷം പ്രതികരിക്കവെയാണ് തൊഴിൽ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിൽ വകുപ്പ് സെക്രട്ടറിക്ക് പുറമെ സി ഐ ടി യു, ഐ എൻ ടി യു സി, എ ഐ ടി സി, ബി എം എസ്, എസ് ടി സി, യു ടി യു സി തുടങ്ങിയ സംഘടനാ പ്രതിനിധികകൾ തൊഴിൽ മന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തിരുന്നു. ലേബർ കോഡ് പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ഡിസംബർ 19 ന് ലേബർ കോൺക്ലേവ് നടത്തും. 

ലേബർ കോഡിനെ എതിർക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരെ യോഗത്തിലേക്ക് ക്ഷണിക്കും. നൂറ് പേരെയാണ് കോൺക്ലേവിലേക്ക് പ്രതിനിധികളായി ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന് മാത്രമായി പ്രത്യേക നിയമം
സംസ്ഥാനത്തിന് മാത്രമായി പ്രത്യേക തൊഴിൽ നിയമം ഉണ്ടാക്കുന്നതിനുള്ള സാധ്യത, സംസ്ഥാനത്തിന് പുതിയ ലേബർ കോഡിൽ എത്രത്തോളം ഇടപെടാനാവും എന്നതടക്കമുള്ള കാര്യങ്ങൾ കോൺക്ലേവിൽ ചർച്ച ചെയ്യും. ഇതിൽ നിയമ പണ്ഡിതരുടെയടക്കം അഭിപ്രായം പരിഗണിക്കും. ലേബർ കോഡ് പിൻവലിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് ഇ മെയിൽ അയക്കുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. ഡിസംബർ 19 ന് ശേഷം കേന്ദ്രമന്ത്രിയെ കണ്ട് ലേബർ കോഡ് പിൻവലിക്കാൻ നിവേദനം നൽകുമെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris