ബെംഗളൂരു-എറണാകുളം വന്ദേഭാരത് പരീക്ഷണയോട്ടം നടത്തി; പാലക്കാട് ജങ്ഷന്‍ വഴി സര്‍വീസുള്ള ആദ്യ വന്ദേഭാരത്, ഉദ്ഘാടനം നാളെ



പാലക്കാട് : ബെംഗളൂരു - എറണാകുളം വന്ദേഭാരത് തീവണ്ടി സര്‍വീസ് തുടങ്ങുന്നതിന് മുന്നോടിയായി വ്യാഴാഴ്ച പരീക്ഷണയോട്ടം നടത്തി. രാവിലെ പാലക്കാട് ജങ്ഷന്‍ റെയില്‍വേസ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിലാണ് തീവണ്ടിയെത്തിയത്.


10.35-ന് കോയമ്പത്തൂരില്‍നിന്ന് പുറപ്പെട്ട് 11.28-ന് വണ്ടി പാലക്കാട്ടെത്തി. രണ്ടു മിനിറ്റാണ് ഇവിടെ സ്റ്റോപ്പനുവദിച്ചിട്ടുള്ളത്. 11.30-ന് തൃശ്ശൂരിലേക്ക് പുറപ്പെട്ടു. എട്ട് കമ്പാര്‍ട്ടുമെന്റുകളാണുണ്ടായിരുന്നത്. രണ്ട് ലോക്കോ പൈലറ്റുമാര്‍ക്ക് പുറമേ നിരീക്ഷകരായി റെയില്‍ ഗതാഗത വിഭാഗം എന്‍ജിനിയര്‍മാരും സാങ്കേതികവിഭാഗം ജീവനക്കാരും ഉണ്ടായിരുന്നു.

രാവിലെ 5.10-ന് കെഎസ്ആര്‍ ബെംഗളൂരു സ്റ്റേഷനില്‍നിന്ന് പുറപ്പെടുന്ന വണ്ടി ഉച്ചതിരിഞ്ഞ് 1.50-ന് എറണാകുളത്തെത്തും. തിരിച്ച് 2.20-ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് 4.35-ന് പാലക്കാട്ടും രാത്രി 11-ന് ബെംഗളൂരുവിലും എത്തും. ബുധനാഴ്ച സര്‍വീസ് ഉണ്ടാവില്ല.

പാലക്കാടിനുപുറമേ തൃശ്ശൂര്‍, കോയമ്പത്തൂര്‍, ഈറോഡ്, തിരുപ്പൂര്‍, സേലം കൃഷ്ണരാജപുരം എന്നിവിടങ്ങളിലാണ് തീവണ്ടിക്ക് സ്റ്റോപ്പുള്ളത്. പാലക്കാട് ജങ്ഷന്‍ റെയില്‍വേസ്റ്റേഷന്‍വഴി സര്‍വീസ് ആരംഭിക്കുന്ന ആദ്യ വന്ദേഭാരത് തീവണ്ടിയാണിത്.

വന്ദേഭാരത് പരീക്ഷണയോട്ടം കാരണം വ്യാഴാഴ്ച ചെന്നൈ എഗ്മോര്‍-മംഗളൂരു എക്‌സ്പ്രസ് 25 മിനിറ്റ് വൈകിയാണ് ഓടിയത്. 11.10-ന് പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തേണ്ടവണ്ടി 11.35-നാണ് എത്തിയത്.

ഉദ്ഘാടനം നാളെ

ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസ് (നമ്പര്‍ 06652) എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനംചെയ്യും. ഉദ്ഘാടന സര്‍വീസ് ശനിയാഴ്ച രാവിലെ എട്ടിന് എറണാകുളം ജങ്ഷനില്‍നിന്ന് ആരംഭിച്ച് 5.50-ന് ബെംഗളൂരുവിലെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. പാലക്കാട് ജങ്ഷന്‍ സ്റ്റേഷനില്‍ 10.50-ന് എത്തുന്ന വണ്ടി 10.55-ന് പുറപ്പെടും.

Post a Comment

Previous Post Next Post
Paris
Paris