ഡൽഹി: ഹരിയാനയിൽ വ്യാപക വോട്ടുകൊള്ള നടന്നെന്ന ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് ഹരിയാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്ത്. രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളിൽ രേഖാമൂലം പരാതി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചിരിക്കുന്നത്. ഇന്നലെയായിരുന്നു ഹരിയാന തെരഞ്ഞെടുപ്പിൽ വൻ അട്ടിമറി നടന്നിട്ടുണ്ടന്ന ‘ഓപ്പറേഷൻ സർക്കാർ ചോരി’ ആരോപണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്. 25 ലക്ഷം കള്ള വോട്ടുകൾ ഹരിയാനയിൽ നടന്നുവെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ബീഹാർ ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്ന ഘട്ടത്തിലായിരുന്നു ഇന്നലെ നിർണ്ണായകമായ വാർത്ത സമ്മേളനം നടത്തി രാഹുൽ ഗാന്ധിയുടെ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയത്.എട്ടിൽ ഒന്ന് വോട്ടുകളും ഹരിയാനയിൽ വ്യാജമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഒരു സ്ത്രീയുടെ ഫോട്ടോ വെച്ച് തന്നെ 223 തവണ വോട്ട് ചെയ്തുവെന്നും തെളിവുകൾ സഹിതം രാഹുൽ ഗാന്ധി പുറത്തുവിട്ടു. പറയുന്നത് എല്ലാം 100% സത്യമാണെന്നും ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്നും ‘ഓപ്പറേഷൻ സർക്കാർ ചോരി’ ആണിതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
ബിജെപിയെ സഹായിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വലിയ തട്ടിപ്പ് നടത്തിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഇക്കാരണം കൊണ്ടാണ് സിസിടിവി ഫൂട്ടേജ് പുറത്തുവിടാൻ തയ്യാറാകാത്തതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇതു തെളിയിക്കുന്ന രേഖകൾ പ്രദർശിപ്പിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ. 1 ,24 ,177 വോട്ടുകൾ വ്യാജ ഫോട്ടോ ഉപയോഗിച്ച് ചെയ്തവയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച് പോലും തട്ടിപ്പ് നടന്നു. വ്യാജ വോട്ട് ചെയ്തവരിൽ മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവരും ഉൾപ്പെടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Post a Comment