ന്യൂഡൽഹി: മെസേജിങ് ആപ്ലിക്കേഷനുകളായ വാട്‌സാപ്പ്, സിഗ്നൽ, ടെലിഗ്രാം തുടങ്ങിയവ ഉപയോക്താക്കളുടെ സജീവമായിരിക്കുന്ന സിംകാർഡുമായി ബന്ധിപ്പിക്കണമെന്നതുസംബന്ധിച്ച് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം കർശന നിർദേശം പുറത്തിറക്കി. പുതിയ മാർഗനിർദേശപ്രകാരം ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറുള്ള സിംകാർഡ് ഫോണിൽ ആക്ടീവല്ലെങ്കിൽ ആപ്പുകൾ പ്രവർത്തിപ്പിക്കാനാകില്ല.
ആപ്ലിക്കേഷനുകൾ നിർദേശം 90 ദിവസത്തിനകം നടപ്പാക്കണം. 120 ദിവസത്തിനകം മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കുകയും വേണം. നിലവിൽ ഫോണിൽ സിംകാർഡില്ലാതെയും ഇത്തരം ആപ്ലിക്കേഷനുകൾ ഉപയോഗിക്കാനാകുമെന്നത് സൈബർലോകത്ത് സുരക്ഷാഭീഷണിയുണ്ടാക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ചട്ടങ്ങൾ പാലിക്കാതിരുന്നാൽ ടെലികമ്യൂണിക്കേഷൻസ് ആക്ട് 2023 പ്രകാരം നടപടിയുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു. മെസേജിങ് ആപ്പുകളുടെ വെബ് വേർഷനുകൾക്കും കർശനനിയന്ത്രണമുണ്ടാകും. വെബ് വേർഷനുകൾ ആറുമണിക്കൂറിൽ ഒരിക്കൽ സ്വമേധയാ ലോഗ് ഔട്ടാകും.
Post a Comment