തിരുവനന്തപുരം: വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിശോധന(എസ്.ഐ.ആര്‍) സമയപരിധി നീട്ടി തെരഞ്ഞെടുപ്പ് കമ്മിഷന്‍. എന്യൂമറേഷന്‍ ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയം നല്‍കി. കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലാണ് സമയപരിധി നീട്ടി നല്‍കിയത്. കരടു വോട്ടര്‍പട്ടിക ഡിസംബര്‍ 16-ന് പുറത്തുവിടും. അന്തിമ വോട്ടര്‍പട്ടിക 2026 ഫെബ്രുവരി 14-നാണ് പുറത്തുവിടുക.
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള നടപടികളില്‍ സാവകാശം വേണമെന്ന് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. 15 ശതമാനത്തോളം എന്യൂമറേഷന്‍ ഫോമുകള്‍ തിരികെ ലഭിക്കാനുള്ള സാഹചര്യത്തില്‍ എസ്.ഐ.ആര്‍ നടപടികളില്‍ സാവകാശം അനുവദിക്കണമെന്ന് ബി.ജെ.പി ഒഴികെയുള്ള പാര്‍ട്ടികളുടെ പ്രതിനിധികള്‍ ആവശ്യമുന്നയിച്ചിരുന്നു. നേരത്ത ഡിസംബര്‍ നാലിനുള്ളില്‍ ഫോം വിതരണം പൂര്‍ത്തിയാക്കണമെന്നും ഡിസംബര്‍ 9 ന് കരട് പട്ടിക പുറത്തിറക്കണമെന്നും അന്തിമ പട്ടിക ഫെബ്രുവരി ഏഴിന് പുറത്തിറക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം. സമയം നീട്ടി നല്‍കിയതോടെ ഒരാഴ്ച്ച കൂടുതലായി ബി.എല്‍.ഒമാര്‍ക്ക് ലഭിക്കും. അതേസമയം, എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ഡിജിറ്റലൈസ് ചെയ്ത എന്യുമറേഷന്‍ ഫോമുകളുടെ എണ്ണം രണ്ട് കോടി പിന്നിട്ടു. ഇന്നലെ വൈകുന്നേരം ആറ് മണിവരെയുള്ള കണക്ക് പ്രകാരം 2,09,85,918 ഫോമുകളാണ് ഡിജിറ്റലൈസ് ചെയ്തത്. ഇത് മൊത്തം വിതരണം ചെയ്ത ഫോമുകളുടെ 75.35 % ആണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ യു. കേല്‍ക്കര്‍ പറഞ്ഞു.
അതേസമയം, സ്വീകരിക്കാന്‍ കഴിയാത്ത ഫോമുകളുടെ എണ്ണം 880344 ആയി ഉയര്‍ന്നിട്ടുണ്ട്.
Post a Comment