കൊയിലാണ്ടി : കലാസ്വാദകർ കടലായി കലോത്സവവേദിയിലേക്ക് ഒഴുകിയപ്പോൾ കൊയിലാണ്ടിയിൽ കലയുടെ പൊടിപൂരം. ഗാന്ധിമയമായ 22 വേദികളും ജനസാഗരമായി മാറിയപ്പോൾ നഗരം കലാസ്വദകരുടേതായി മാറി. പ്രധാന വേദിയായ മഹാത്മയിൽ രാവിലെ ഒമ്പതര മുതല്‍ ഹയർസെക്കൻഡറി വിഭാഗം ഒപ്പന ആസ്വദിക്കാന്‍ ജനം ഒഴുകിയെത്തുകയായിരുന്നു. സദസിനെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നതിന്റെ ഇരട്ടിയായിരുന്നു ജനക്കൂട്ടം. ഉപജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചതിനാല്‍ മത്സരം കാണാന്‍ രാവിലെ മുതല്‍ കുട്ടികളും രക്ഷിതാക്കളുമുണ്ടായിരുന്നു. ഉപജില്ലയില്‍ നിന്ന് അപ്പീലുകള്‍ മുഖേനയും എത്തിയ മത്സരാര്‍ത്ഥികള്‍ വാശിയോടെ ഒപ്പനക്ക് ചുവട്‌വെച്ചപ്പോള്‍ രാവും പകലും കുറുമ്പ്രനാടിൻറെ കലാഹൃദയം അത് നെഞ്ചിലേറ്റുകയായിരുന്നു. മേമുണ്ട ഹയർസെക്കൻഡറി വലിയ പോരാട്ടത്തിനൊടുവിൽ ജയം പിടിച്ചെടുത്തു. ഹൈസ്ക്കൂൾ വിഭാഗം മത്സരങ്ങൾ രാത്രി വൈകിയും തുടരുകയാണ്.
വേദി ഖേദയിൽ കേരളത്തിൻറെ തനത് നൃത്തമായ മോഹിനിയാട്ടം കാണാൻ വൻജനകൂട്ടമായിരുന്നു. ഫീനിക്സ് വേദിയിൽ കുച്ചുപ്പുടിയും അരങ്ങ് തകർത്തു. ജി.എച്ച്.എസിൽ കഥകളിയായിരുന്നു പ്രധാന കലാരൂപം. കൃഷ്ണ തിയേറ്റർ വളപ്പിൽ യു.പി വിഭാഗം നാടകം, കൊരയാങ്ങാട് കൊയിലാണ്ടിക്കാരുടെ ഇഷ്ട ഇനമായ ചെണ്ട എന്നിവയായിരുന്നു. സംഘനൃത്തവും നാടോടിനൃത്തവും സംസ്കൃതം, ഉറുദു ഇനങ്ങളും അക്ഷശ്ലോകവും ശാസ്ത്രീയ സംഗീതവും പ്രസംഗവും പ്രഭാഷണവുമെല്ലാം കലാസ്വാദകർ ഏറ്റെടുത്തു. വെസ്റ്റേൺ സാഹിത്യത്തിൻറെ ഗിറ്റാറും സംസ്കൃതിയുടെ ഭാഗമായ ചാക്യാർകൂത്തും ഗോത്രകലയായ ഇരുളനൃത്തവും ഭക്തിയുടെ ഖുറാൻ പാരായണവുമെല്ലാം കലയുടെ വൈവിദ്ധ്യത്തിൻറെ അടയാളമായി.
അറബിക്കടലിൻ്റെ തീരത്ത് ഒരു പകലും രാവും കോൽക്കളിപ്പെരുക്കത്തിൻ്റെ ആവേശമായിരുന്നു. മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന കോൽക്കളി തുടങ്ങിയത് 12 മണിയോടെയായിരുന്നു. ചേവായൂർ ഉപജില്ലയിൽ വിധികർത്താവായി ഇരുന്ന ജഡ്ജിനെ ഒഴിവാക്കണമെന്ന് അവിടെ നിന്നും അപ്പീൽ വഴി വന്ന ടീം ആവശ്യപ്പെടുകയായിരുന്നു. ഇത് സംഘാടകരും വിദ്യാർത്ഥികളും തമ്മിൽ ബഹളത്തിലേക്ക് നയിച്ചു. ഒടുവിൽ ഈ വിധികർത്താവിനെ മാറ്റി പുതിയ ഒരാളെ വെക്കുകയായിരുന്നു. ഹയർ സെക്കൻഡറി വിഭാഗത്തിൽ എസ്.വി.എ എച്ച്.എസ് നടുവത്തൂർ ജേതാക്കളായി.
നാല് ദിവസമായി തുടരുന്ന കൗമാരകലയുടെ മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം. ഒന്നാം വേദിയിൽ പൂരക്കളിയും രണ്ടാം വേദിയിൽ ചവിട്ടുനാടകവും നടക്കുമ്പോൾ മൂന്നാം വേദി യക്ഷഗാനത്തിനായി മാറും. മിമിക്രി, നാടൻപാട്ട് തുടങ്ങിയ ജനപ്രിയ ഇനങ്ങളും തബല,മൃദഗം, മദ്ദളം, പഞ്ചവാദ്യം, അറബനമുട്ട്, പണിയനൃത്തം, മംഗലംകളി, സ്കിറ്റ് തുടങ്ങിയവയുമുണ്ടാകും. സംസ്കൃത വിഭാഗത്തിൽപ്പെട്ട ശ്രദ്ധേയ ഇനങ്ങളായ അഷ്ടപദി, പാഠകം എന്നിവയും ദേശഭക്തിഗാനവും ഓടക്കുഴലും അറബിക് പദ്യവും കഥാപ്രസംഗവും ഇംഗ്ലീഷ് പ്രസംഗവും ഇന്ന് നടക്കും.
കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവം നാലാം ദിവസത്തെ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ കോഴിക്കോട് സിറ്റി ഉപജില്ല തന്നെ മുന്നിൽ. 794 പോയൻ്റുമായാണ് സിറ്റി ഉപ ജില്ല ഒന്നാം സ്ഥാനത്ത് മുന്നോട്ട് നിൽക്കുന്നത്. 744 പോയിന്റുമായി ചേവായൂർ ഉപജില്ലയും 728 വീതം പോയിന്റുകളുമായി ബാലുശ്ശേരി, തോടന്നൂർ ഉപജില്ലകളും പിന്നിലുണ്ട്.
സ്കൂളുകളിൽ സിൽവർ ഹിൽസ്
ചേവായൂർ സിൽവർ ഹിൽസ് സ്കൂളാണ് 318 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ളത്. 282 പോയിന്റുമായി മേമുണ്ട എച്ച്.എസ്. എസും 197പോയിന്റുമായി ചക്കാലക്കൽ എച്ച്.എസും 189 പോയിന്റുമായി പേരാമ്പ്ര എച്ച്.എച്ച്. എസും പിന്നിലുണ്ട്. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ സിറ്റി ഉപജില്ലയാണ് മുന്നി യു.പി വിഭാഗത്തിൽ തോടന്നൂർ ഉപജില്ലയാണ് മുന്നിൽ. ഹയർസെക്കൻഡറി വിഭാഗത്തിൽ 352 പോയിൻ്റും ഹൈസ്കൂൾ വിഭാഗത്തിൽ 309 പോയൻ്റും സിറ്റി ഉപജില്ല സ്വന്തമാക്കി. യു.പി. വിഭാഗത്തിൽ തോടന്നൂർ ഉപജില്ല 152 പോയൻ്റുമായി മുന്നിലുണ്ട്. 151 പോയൻ്റുമായി ചേവായൂർ ഉപജില്ലയും 150 പോയൻ്റുമായി ചോമ്പാല ഉപജില്ലയും തൊട്ടു പിന്നിലുണ്ട്.
Post a Comment