കെഎസ്ഇബിയിൽ വർക്കർ (മസ്ദൂർ) നിയമനത്തിന് ഇനി പത്താംക്ലാസ് ജയിച്ചിരിക്കണം. സ്ത്രീകൾക്കും അപേക്ഷിക്കാം. ചരിത്രത്തിൽ ആദ്യമായാണ് സ്ത്രീകളെ ഈ ജോലിക്ക് അംഗീകരിക്കുന്നത്. സ്ത്രീകളുടെ മിനിമം ഉയരം 144.7 സെന്റീമീറ്റർ ആയിരിക്കണം. ഭിന്നശേഷിക്കാർക്ക് നാലുശതമാനം സംവരണം ഉണ്ടായിരിക്കും. എന്നാൽ, പുറംജോലികൾ ചെയ്യാനുള്ള ശാരീരികശേഷി വേണം. ഇലക്‌ട്രിക്കൽ, വയർമെൻ ട്രേഡിൽ രണ്ടുവർഷത്തെ ഐടിഐ സർട്ടിഫിക്കറ്റും വേണം.
"ഇതുവരെ ഏഴാംക്ലാസും സൈക്കിൾ ചവിട്ടാനുള്ള കഴിവും ആയിരുന്നു യോഗ്യത. പത്താംക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാനാവുമായിരുന്നില്ല. കേന്ദ്ര വൈദ്യുതി അതോറിറ്റി നിശ്ചയിച്ച പ്രകാരമാണ് യോഗ്യതയിൽ മാറ്റംവരുത്തിയത്. പുതുക്കിയ യോഗ്യതയിൽ സൈക്കിൾസവാരിയില്ല. വർക്കർ റിക്രൂട്ട്‌മെന്റിനുള്ള തടസ്സം ഇതോടെ നീങ്ങി.
യോഗ്യതാപ്രശ്നത്തിൽപ്പെട്ട് നിയമനം മുടങ്ങിയതോടെ വർക്കർമാരുടെ ക്ഷാമം കെഎസ്ഇബി പ്രവർത്തനത്തെ ബാധിച്ചിരുന്നു. പുതിയ യോഗ്യത ബാധകമാക്കി ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യും. വർക്കർമാർക്ക് ലൈൻമാന്മാരായി സ്ഥാനക്കയറ്റം നൽകിയതു സംബന്ധിച്ച് സുപ്രീംകോടതിയിൽ കേസുണ്ട്. ഇവയുടെ വിധിക്ക് വിധേയമായിരിക്കും തുടർനടപടി.
വൈദ്യുതിമേഖലയിലെ സാങ്കേതികവിഭാഗം ജീവനക്കാർക്ക് യോഗ്യത നിർണയിച്ച് 2010-ലാണ് കേന്ദ്ര അതോറിറ്റി ചട്ടം പുറപ്പെടുവിച്ചത്. വർക്കർമാരാണ് സ്ഥാനക്കയറ്റത്തിലൂടെ ലൈൻമാന്മാരാകുന്നത്."
അതിനാൽ സാങ്കേതിക യോഗ്യത വേണമെന്നാണ് കേന്ദ്ര അതോറിറ്റി നിർദേശിച്ചത്. സുപ്രീംകോടതിവരെ നീണ്ട നിയമപ്പോരാട്ടത്തിനൊടുവിൽ നിലവിലുള്ളവർക്ക് യോഗ്യതയിൽ ഇളവ് ലഭിച്ചു.
കേന്ദ്ര അതോറിറ്റി 2023-ൽ ചട്ടം പുതുക്കി. നിലവിലുള്ളവർക്ക് രണ്ടുവർഷത്തിനകം പ്രത്യേകപരിശീലനത്തിലൂടെ യോഗ്യതനേടാൻ അവസരം നൽകി. ഇതനുസരിച്ച് രണ്ടായിരത്തോളം പേരുടെ പരിശീലനം പൂർത്തിയാക്കി. ഇവർക്ക് ലൈൻമാൻ തസ്തികയിലേക്ക് സ്ഥാനക്കയറ്റവും കിട്ടി. ഇതോടെ വർക്കർമാർ കുറഞ്ഞു. പുതിയ നിയമനം നടത്തണമെങ്കിൽ പുതിയ ചട്ടപ്രകാരം യോഗ്യത നിശ്ചയിക്കണം. അതിന്റെ അടിസ്ഥാനത്തിലാണ് യോഗ്യത മാറ്റിയത്."
Post a Comment