കേരളത്തിന് ദോഷകരമെങ്കിൽ പിഎംശ്രീ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. അടുത്ത എൽഡിഎഫ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും. ചർച്ചയിലൂടെ പ്രശ്നത്തിന് പരിഹാരം കാണുമെന്നും ടി പി രാമകൃഷ്ണൻ ട്വന്റിഫോറിനോട്. പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ തർക്കങ്ങളില്ല. പിഎം ശ്രീ പദ്ധതിയിൽ സിപിഐ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ട്. ഇതിനെ എൽഡിഎഫിലെ ഭിന്നതയായി കണക്കാക്കേണ്ടതില്ല. പ്രശ്‌നത്തിൽ ചർച്ച നടത്തി ന്യായമായ നിലപാട് എടുത്ത് പ്രശ്‌നം പരിഹരിക്കുമെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു.
എൽഡിഎഫിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അഭിപ്രായം പറയുന്നതിൽ അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. പ്രശ്‌നത്തിൽ ചില തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് എൽഡിഎഫ് പരിശോധിക്കും. ഒപ്പിട്ട കരാറിൽ എന്തെല്ലാമാണ് വ്യവസ്ഥകളെന്ന് പരിശോധിക്കും. കേരളത്തിന്റെ താത്പര്യത്തിന് വിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കിൽ ഗൗരവമായി പരിശോധിച്ച് ചർച്ച നടത്തി നിലപാട് വ്യക്തമാക്കും. എൽഡിഎഫ് കൂടുതൽ യോജിപ്പോടുകൂടി ശക്തമായി പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടമാണിത്. അത്തരം ഘട്ടത്തിൽ യോജിച്ച ശ്രമങ്ങളെയൊന്നും പിഎം ശ്രീ പ്രശ്‌നം ബാധിക്കില്ലെന്ന് ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.
കേരളം വിദ്യാഭ്യാസ മേഖലയിൽ വലിയ രീതിയിൽ മുന്നോട്ടു പോയിട്ടുണ്ട്. ഇതിന്റെ പുരോഗതിയുടെ തുടർച്ചയ്ക്ക് ആവശ്യമായ സാമ്പത്തിക സ്ഥിതി കണ്ടത്തേണ്ടതുണ്ട്. ഇതിൽ കേന്ദ്രത്തിന്റെ സഹായം കിട്ടുന്നില്ല. ഇത് ഗൗരവമുള്ളതാണ്. ഇതിൽ എങ്ങനെ പരിഹാരം കണ്ടെത്തും എന്ന നിലയിലാണ് വിദ്യാഭ്യാസ വകുപ്പ് പിഎം ശ്രീയെ സമീപിച്ചിട്ടുള്ളത്. ഇതിന്റെ വ്യവസ്ഥകൾ പരിശോധിച്ച് കേരളത്തിന് ദോഷകരമാണെന്ന് മനസിലായാൽ നടപ്പില്ലാക്കാൻ അനുവദിക്കില്ല. കേരളത്തിന് ദോഷകരമായ വ്യവസ്ഥ ഉണ്ടോ ഇല്ലയോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു.
മന്ത്രി വി ശിവൻകുട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ടത് നല്ലകാര്യമാണെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. പ്രശ്‌നങ്ങൾ പരസ്പരം ആശയവിനിമയം നടത്തുന്നത് നല്ല കാര്യമാണ്. മന്ത്രിയുടെ വിശദീകരണത്തോട് ബിനോയ് വിശ്വം അനുകൂലമായാണ് പ്രതികരിച്ചിട്ടുള്ളത്. പ്രശ്‌നങ്ങൾ കൂടിയാലോചിച്ച് പരിഹരിച്ച് മുന്നോട്ടു പോകുമെന്ന് ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.
Post a Comment