താമരശ്ശേരി: ഫ്രഷ് കട്ട് സ്ഥാപനത്തിന് മുന്നിലുണ്ടായ സംഘർഷത്തില്‍ കേസെടുത്ത് പൊലീസ്. മൂന്ന് എഫ്‌ഐആറുകളിലായി 361 പേർക്കെതിരെയാണ് കേസെടുത്തത്.
ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം സൃഷ്ടിക്കല്‍, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സംഘർഷമുണ്ടാക്കിയതിലാണ് 321 പേർക്കെതിരെ കേസ്. കേസില്‍ മൂന്ന് എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.
സംഘർഷത്തിന് പുറമെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് തീയിട്ട സംഭവത്തില്‍ 30 പേർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. തൊഴിലാളികളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കണ്ടെയ്‌നർ ലോറി തീവെച്ച് നശിപ്പിച്ചുവെന്നും മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. പ്ലാന്റും വാഹനങ്ങളും കത്തിനശിപ്പിച്ചതില്‍ ഫ്രഷ് കട്ടിന് അഞ്ച് കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
തിരുവമ്പാടി സ്റ്റേഷനിലെ എഎസ്‌ഐയെ മർദിച്ചതില്‍ പത്തോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. മൊബൈലില്‍ സംഘർഷത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച എഎസ്‌ഐയെ അക്രമിച്ചെന്നും 45000 രൂപയുടെ മൊബൈല്‍ കവർച്ച ചെയ്‌തെന്നും എഫ്‌ഐആറില്‍ പറയുന്നു.
ഇന്നലെ വൈകീട്ടാണ് കട്ടിപ്പാറയിലെ ഫ്രഷ് കട്ടിന്റെ അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് മുന്നില്‍ സമരക്കാരും പൊലീസും ഏറ്റുമുട്ടിയത്.
നാട്ടുകാർ നടത്തിയ പ്രതിഷേധം സംഘർഷത്തില്‍ കലാശിക്കുകയായിരുന്നു. സമരക്കാർ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറില്‍ പൊലീസുകാർക്ക് പരിക്കേറ്റു. പിന്നാലെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ദുർഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ച് നേരത്തെയും ഫ്രഷ് കട്ടിന്റെ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പ്രദേശത്ത് പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഇത് ആദ്യമായാണ് സംഘർഷത്തിലെത്തുന്നത്. പ്ലാന്‍റിന് പുറമെ ഫ്രഷ് കട്ട് വാഹനങ്ങളും അഗ്നിക്കിരയാക്കി.
പ്ലാന്റിന് മുന്നില്‍ നടന്നത് ആസൂത്രിത ആക്രമണമാണെന്ന് കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര പ്രതികരിച്ചിരുന്നു. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി അക്രമം നടത്തി. അക്രമത്തിന് പിന്നില്‍ ചില തല്‍പരകക്ഷികളാണെന്നും ഇവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. രാവിലെ മുതല്‍ വൈകിട്ടുവരെ സമാധാനപരമായിരുന്നു കാര്യങ്ങള്‍. വൈകിട്ടാണ് ആസൂത്രിത ആക്രമണമുണ്ടായത്. ഫ്രഷ് കട്ടിലെ ജീവനക്കാർ അകത്തുള്ളപ്പോഴാണ് ഫാക്ടറിക്ക് തീയിട്ടത്. തീ അണയ്ക്കാൻ പോയ ഫയർഫോഴ്‌സ് എൻജിനുകള്‍പോലും തടഞ്ഞുവെച്ചു. മനുഷ്യത്വരഹിതമായ നടപടിയാണ് ചിലരില്‍നിന്നുണ്ടായത്. കർശന നടപടി പൊലീസ് സ്വീകരിക്കും. റൂറല്‍ എസ് പി, താമരശേരി എസ് എച്ച് ഒ എന്നിവരുള്‍പ്പടെ 16ഓളം പൊലീസുകാർക്ക് ഗുരുതര പരിക്കേറ്റുവെന്നും ഡിഐജി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഫ്രഷ് കട്ടില്‍നിന്ന് ഒഴുക്കിവിടുന്ന ഇരുതുള്ളി പുഴയോരത്ത് ഇന്ന് ജനകീയ ഹർത്താലാണ്. ഇരുതുള്ളി പുഴ കടന്നുപോകുന്ന വാർഡുകളിലും വിവിധ പഞ്ചായത്തുകളിലുമാണ് ഹർത്താല്‍. ഓമശേരി പഞ്ചായത്തിലെ വെളിമണ്ണ, കൂടത്തായി, ചക്കിക്കടവ് എന്നിവിടങ്ങളിലും താമരശ്ശേരി പഞ്ചായത്തിലെ വെഴുപ്പൂർ കുടുക്കിലുമ്മാരം, കരിങ്ങമണ്ണ, അണ്ടോണ, കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ് കരിമ്പാലക്കുന്ന്, കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പൊയിലങ്ങാടി, ഓർങ്ങട്ടൂർ, മാനിപുരം എന്നീ വാർഡുകളിലാണ് ഹർത്താല്‍.
Post a Comment