അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരം



കോഴിക്കോട്: കേരളത്തെ പിടിമുറുക്കി അമീബിക് മസ്തിഷ്ക ജ്വരം. രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരം. രണ്ടാഴ്ചയോളമായി ഇവർ ചികിത്സയിലാണ്. മലപ്പുറം, കാസർകോട് സ്വദേശികളാണ് വെൻ്റിലേറ്ററിൽ തുടരുന്നത്. ഇന്നലെ രാത്രിയോടെയാണ് ഇവരുടെ നില ഗുരുതരമായത്. മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഇതുവരെ ഒൻപത് പേരാണ് ചികിത്സയിലുള്ളത്.
.

രോഗം സ്ഥിരീകരിച്ച താമരശ്ശേരി സ്വദേശിയായ ഏഴ് വയസുകാരനെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഇന്നലെ ഡിസ്ചാർജ് ചെയ്തിരുന്നു. ഈ കുട്ടിയുടെ സഹോദരി ഉൾപ്പെടെ അഞ്ച് പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. രോഗം നിയന്ത്രിക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമ്പോഴും ഓരോ ദിവസവും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതാണ് ആശങ്ക.
ഇന്നലെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മധ്യവയസ്‌ക മരണപ്പെട്ടിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം വണ്ടൂർ സ്വദേശിനിയായ ശോഭ (56) ആണ് മരിച്ചത്. ഒരു മാസത്തിനിടെ അഞ്ച് പേർ രോഗബാധയേറ്റ് മരണത്തിന് കീഴടങ്ങി.
രോഗബാധയേറ്റ് ചികിത്സയിൽ കഴിയുന്ന ആളുകൾക്ക് മറ്റ് പല രോഗങ്ങളുമുള്ളതിനാൽ ഇവരുടെ ആരോഗ്യ നിലയിൽ ആശങ്കയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇവർക്ക് വിദേശത്ത് നിന്നുൾപ്പെടെ മരുന്നെത്തിച്ച് നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. അമീബിക് മസ്തിഷ്കജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.


Post a Comment

Previous Post Next Post
Paris
Paris