സംസ്ഥാനത്തും കോഴിക്കോട് ജില്ലയിലും അമീബിക് മസ്തിഷ്കജ്വരം ഉൾപ്പെടെയുള്ള ജലജന്യരോഗങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ സുരക്ഷിത ജല ലഭ്യതയും ജലജന്യ രോഗപ്രതിരോധവും ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ സംസ്ഥാന വ്യാപകമായി ജലമാണ് ജീവന്‍ എന്ന പേരില്‍ ജനകീയ തീവ്ര കര്‍മപരിപാടിക്ക് തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഇ.എം.എസ് ഹാളിൽ അഡ്വ.പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി ശാരുതി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് അധ്യക്ഷനായി. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ശൈലജ ടീച്ചർ മുഖ്യാതിഥിയായി.
ഹാളിന് സമീപത്തെ വീടിലെ കിണർ ക്ലോറിനേറ്റ് ചെയ്ത് കൊണ്ടാണ് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചത്. പഞ്ചായത്തിൽ ക്യാമ്പയിൻ ഏറ്റെടുക്കുന്ന കുടുംബശ്രീ - ആശാ പ്രവർത്തകർക്ക് എം.എൽ.എ ബ്ലീച്ചിംഗ് പൗഡർ കൈമാറി. ജനങ്ങളിൽ ബോധവൽക്കരണം ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ തയ്യാറാക്കിയ ബ്രോഷർ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.ടി പ്രസാദ് പ്രകാശനം നിർവ്വഹിച്ചു.
കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.രാജാറാം കെ.കെ അമീബിക് മസ്തിഷ്കജ്വരത്തെ പറ്റി ക്ലാസ് എടുത്തു. ജലമാണ് ജീവൻ ക്യാമ്പയിൻ സംബന്ധിച്ച് ഹരിതകേരളം മിഷൻ ടെക്നിക്കൽ അസിസ്റ്റന്റ് വിവേക് വിനോദ് വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. രാജീവ് പെരുമൺപുറ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി സൈതലി, ഒളവണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രശാന്ത്, ഒളവണ്ണ ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി ബാബുരാജൻ, ആർദ്രം മിഷൻ നോഡൽ ഓഫീസർ ഡോ. അഖിലേഷ് കുമാർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിൽ ഹരിതകേരളം മിഷൻ,തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ്, ആർദ്രം മിഷൻ ഇവയുടെ സംയുക്താഭിമുഖ്യത്തിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കിണറുകളിൽ ക്ലോറിനേഷനും ടാങ്കുകൾ വൃത്തിയാക്കുന്ന പ്രവർത്തനവും ഏറ്റെടുത്തിട്ടുണ്ട്. ഇന്നും നാളെയുമായുള്ള ക്ലോറിനേഷന് ശേഷം കൃത്യമായ കണക്കെടുപ്പും അടുത്ത ദിവസം നടത്തും. അടുത്ത ഘട്ടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയാണ് ക്യാമ്പയിൻ ഏറ്റെടുക്കുന്നത്.
Post a Comment