തൃശൂര്‍: സുരേഷ് ഗോപിയുടെ വിജയവും വോട്ട് മോഷണത്തിലൂടെയെന്ന ആരോപണത്തിന് ശക്തിയേറ്റി വീണ്ടും തെളിവുകള്‍. വ്യാജ വോട്ടറായി പേര് ചേര്‍ത്തവരില്‍ സുരേഷ് ഗോപിയുടെ ഡ്രൈവറുമുണ്ടെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പൂങ്കുന്നത്തെ ക്യാപിറ്റല്‍ C4-ല്‍ താമസിക്കാതെ വോട്ട് ചേര്‍ത്ത തിരുവനന്തപുരം സ്വദേശിയായ എസ്.അജയകുമാര്‍ സുരേഷ് ഗോപിയുടെ ഡ്രൈവര്‍ ആണെന്നാണ് വെളിവായിരിക്കുന്നത്. ഇയാളുടെ അയല്‍വാസിയാണ് ഇക്കാര്യം വെളിപെടുത്തിയത്.
തൃശൂരിലെ അജയകുമാര്‍ തന്നെയാണ് തിരുവനന്തപുരത്തെയും അജയകുമാര്‍ എന്നതാണ് അയല്‍വാസി സ്ഥിരീകരിച്ചത്. ക്യാപിറ്റല്‍ വില്ലേജ് C4 ഫ്ളാറ്റ് ഉടമക്ക് താമസക്കാരനായ അജയകുമാറിന അറിയില്ല. ഈ താമസക്കാരനെ ഫ്‌ളാറ്റുടമ ഇതുവരെ കണ്ടിട്ടില്ല. ശാസ്തമംഗലത്തെ എന്‍.എസ്.എസ.്എച്ച്.എസ്എസിലായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ് അജയകുമാറിന്റെ പോളിംഗ് ബൂത്ത്. നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടികയില്‍ ശാസ്തമംഗലത്തെ ആറ്റിങ്കര പറമ്പില്‍ വീടും, പോളിംഗ് സ്റ്റേഷന്‍ ശാസ്തമംഗലം എന്‍.എസ്.എസ് സ്‌കൂളും തന്നെയാണ്.
നഗരം കേന്ദ്രീകരിച്ച് ബി.ജെ.പി വന്‍തോതില്‍ വ്യാജ വോട്ടര്‍മാരെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് കഴിഞ്ഞ ദിവസം കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ജയിച്ച ഡിവിഷനുകളിലും മറ്റിടങ്ങളിലും നൂറുകണക്കിനു വ്യാജന്മാര്‍ വീട്ടുടമസ്ഥരുടെ അറിവില്ലാതെ കടന്നുകൂടിയെന്ന ഞെട്ടിക്കുന്ന വിവരമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ തെളിവിന് സമാനമായാണ് തൃശൂരിലും വ്യാജവോട്ടുകള്‍ ചേര്‍ത്തിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച ശേഷം തന്ത്രപരമായാണ് അന്തിമ പട്ടികയില്‍ വ്യജവോട്ടര്‍മാരെ തിരുകിക്കയറ്റിയത്. അന്തിമഘട്ടത്തിലായതിനാല്‍ പരാതികള്‍ നല്‍കിയാലും വോട്ടര്‍പട്ടികയില്‍ പേരുണ്ടെന്ന കാരണം പറഞ്ഞ് വരണാധികാരി വോട്ട് ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. ഇതു പലയിടത്തും നടന്നതായി കണ്ടെത്തിയതോടെയാണ് തട്ടിപ്പ് ആസൂത്രിതമായാണെന്നു തെളിഞ്ഞത്. പൂങ്കുന്നം ഭാഗം ഒന്ന് ബൂത്ത് നമ്പര്‍ 30ല്‍ ആശ്രമം ലെയിന്‍ കാപിറ്റല്‍ വില്ലേജ് ബ്ലോക്ക് 2ല്‍ 4സിയില്‍ സ്ഥിരം താമസക്കാരിയായ പ്രസന്ന അശോക് എന്ന വനിതയുടെ വീട്ടുവിലാസത്തില്‍ 9 പേരെയാണ് വ്യാജമായി ചേര്‍ത്തത്. ക്രമനമ്പര്‍ 1304, 1307, 1308, 1313, 1314, 1315, 1316, 1318, 1319 ക്രമനമ്പറുകളിലാണ് വ്യാജവോട്ടുകള്‍. ഈ വോട്ടര്‍മാരെ തനിക്ക് യാതൊരറിവുമില്ലെന്ന് പ്രസന്ന മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും ലഘൂകരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചെയ്തതെന്ന ആക്ഷേപവുമായി ഇടതുമുന്നണിയും യു.ഡി.എഫും രംഗത്തെത്തി. പരാതി കിട്ടിയിട്ടില്ലെന്ന തെരഞ്ഞെടുപ്പു കമ്മിഷന്‍ നിലപാടിനെ അതിന്റെ കോപ്പി പ്രസിദ്ധീകരിച്ചാണ് മുന്നണികള്‍ മറുപടി നല്‍കിയത്. സുരേഷ്ഗോപിയുടെ വീട്ടിലും 11 പേരെ അനധികൃതമായി ചേര്‍ത്തുവെന്ന വിവരവും പുറത്തുവന്നത് ബി.ജെ.പി കേന്ദ്രങ്ങളെയും ഞെട്ടിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ഇതുവരെ കേന്ദ്രമന്ത്രി തയാറായിട്ടില്ല. ഇത്രയും ഗുരുതര ആരോപണമുയര്‍ന്നിട്ടും ബി.ജെ.പി നേതൃത്വവും പ്രതികരിച്ചിട്ടില്ല. സുരേഷ്ഗോപിയുടെ വസതിയിലെ 11 പേര്‍ക്ക് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം ഇല്ലെന്നതും ശ്രദ്ധേയമാണ്. സുരേഷ്ഗോപിയും ഈ വീട് വിട്ടുപോയി.
ബൂത്ത് 30ല്‍ കാപിറ്റര്‍ വില്ലേജ്, ചൈത്രം അപാര്‍ട്ട്‌മെന്റ്‌സ്, ടോപ് പാരഡൈസ് എന്നീ ഫല്‍റ്റുകളില്‍ നടത്തിയ പരിശോധനയില്‍ 45 വ്യാജ വോട്ടുകളുണ്ടെന്ന് കണ്ടെത്തിയതായി പരാതി നല്‍കിയിരുന്നു. വോട്ടര്‍ സ്ലിപ് നല്‍കുന്ന ഘട്ടത്തിലാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചതെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. ആശിശ് മുത്തേടത്ത്, ബൂത്ത് പ്രസിഡന്റ് വി.കെ അനില്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. സമാനമായ മറ്റു പരാതികള്‍ പലയിടത്തുനിന്നും ഉയരുന്നുണ്ട്. ഇതു സംബന്ധിച്ച് യു.ഡി.എഫും ഇടതുമുന്നണിയും പരിശോധന തുടങ്ങി. വ്യാജവോട്ടുകളുടെ കൂടുതല്‍ വിവരം പുറത്തുവിടുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് മുന്നറിയിപ്പു നല്‍കി.
*പരാതിയുമായി വി.എസ് സുനില്‍കുമാര്‍ കോടതിയിലേക്ക്*
തൃശൂര്‍: അനര്‍ഹമായി നൂറുകണക്കിന് വോട്ടുകള്‍ ബി.ജെ.പി തൃശൂരില്‍ ചേര്‍ത്തുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതായി സി.പി.ഐ നേതാവ് വി.എസ് സുനില്‍കുമാര്‍. ചേലക്കര മണ്ഡലത്തിലെയും മറ്റിങ്ങളിലെയും വോട്ടര്‍മാരെ ഇവിടെ എത്തിച്ചു ചേര്‍ത്തുവെന്ന് തെളിയുന്നതായി സുനില്‍കുമാര്‍ പറഞ്ഞു. ക്രമവിരുദ്ധമായ നടപടിക്കെതിരേ കോടതിയെ സമീപിക്കും. തെരഞ്ഞെടുപ്പ് കമ്മിഷനില്‍നിന്ന് വിചിത്രമായ മറുപടിയാണ് കിട്ടിയത്. സത്യവാങ്മൂലം നല്‍കിയാല്‍ പരാതി അന്വേഷിക്കാമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. പരാതിയില്‍ കഴമ്പില്ലെങ്കില്‍ ജയിലില്‍ അടയ്ക്കാനുള്ള വകുപ്പുകള്‍ പോലുമുണ്ട്. തെറ്റ് ചൂണ്ടിക്കാണിക്കേണ്ടത് ജനാധിപത്യ അവകാശമാണ്. അതു നിറവേറ്റുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
Post a Comment