ചാത്തമംഗലം ജി.എൽ.പി.എസിൽ ക്ലാസ് മുറികൾ ഡിജിറ്റൽവത്കരിച്ചു.

.



ചാത്തമംഗലം: ക്ലാസ് മുറികൾ സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് നവീകരിക്കുക എന്ന ലക്ഷ്യത്തോടെ ചാത്തമംഗലം ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ഡിജിറ്റൽവത്കരിച്ചു.


 ക്ലാസ് റൂം ഡിജിറ്റലൈസേഷൻ പരിപാടിയുടെ ഭാഗമായി എല്ലാ ക്ലാസ് മുറികളിലും സ്മാർട്ട് ടി.വി.കൾ സ്ഥാപിച്ചതോടെ കുന്ദമംഗലം ഉപജില്ലയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് സ്കൂളായി ചാത്തമംഗലം സ്കൂൾ മാറി.പൊതു പങ്കാളിത്തത്തോടെയാണ് ഈ ഒരു പദ്ധതി നടപ്പിലാക്കിയത് . കുന്നമംഗലം 
എം.എൽ.എ അഡ്വ. പി.ടി.എ. റഹീം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളുടെ പഠനം കൂടുതൽ ആകർഷകവും ആയാസരഹിതവുമാക്കാൻ ഡിജിറ്റൽ ക്ലാസ് മുറികൾ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാധാരണ ക്ലാസ് റൂം പഠനത്തിനപ്പുറം ദൃശ്യ-ശ്രാവ്യ സാധ്യതകൾ പ്രയോജനപ്പെടുത്തി വിഷയങ്ങളെ സമീപിക്കാൻ വിദ്യാർത്ഥികൾക്ക് ഇത് അവസരം നൽകും.
പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കറ്റ് വി.പി.എ.സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ, ശ്രീമതി.വിദ്യുൽ ലത, കുന്ദമംഗലം എ.ഇ.ഒ. ശ്രീ. രാജീവ് കെ, മാവൂർ ബി.പി.സി.ശ്രീ. ജോസഫ് തോമസ്
മുൻ പ്രധാന അധ്യാപകരായ പ്രേമൻ മാസ്റ്റർ ,രാജൻ പാക്കത്ത്, താരക കുമാരി ടീച്ചർ, 
ചാത്തമംഗലം എ യു പി സ്കൂൾ പ്രധാനാധ്യാപിക ഗീത പൂമംഗലത്ത്,എ സി ജാനു ടീച്ചർ,പി.ടി.എ പ്രസിഡണ്ട് ശ്രീനിവാസൻ, എം.പി.ടി എ ചെയർപേഴ്സൺ ശ്യാമിലി എന്നിവർ ആശംസകൾ അർപ്പിച്ചു.

സാങ്കേതികവിദ്യയുടെ ഉപയോഗം വിദ്യാഭ്യാസ മേഖലയിൽ പുതിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്നും, വിദ്യാർത്ഥികൾക്ക് ആധുനിക പഠനരീതികളുമായി പൊരുത്തപ്പെടാൻ ഇത് സഹായകമാകുമെന്നും സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സ്മാർട്ട് ക്ലാസ് റൂമുകൾ വഴി പാഠഭാഗങ്ങൾ കൂടുതൽ വ്യക്തതയോടെയും രസകരമായും അവതരിപ്പിക്കാൻ അധ്യാപകർക്ക് സാധിക്കും.
വിദ്യാഭ്യാസരംഗത്ത് ഡിജിറ്റൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കിയിട്ടുള്ളത്. 
സ്കൂൾ പ്രധാന അധ്യാപിക ഷീജ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം കെ അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris