ശ്രിനഗര്‍: ജമ്മുകശ്മിരിലെ കത്രയിലുണ്ടായ മഴക്കെടുതിയും മണ്ണിടിച്ചിലും തുടരുന്നു. 24 മണിക്കൂറിനിടെ മഴക്കെടുതിയില്‍ 35 ലധികം പേരാണ് മരിച്ചത്. വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ ഉണ്ടായ മണ്ണിടിച്ചിലില്‍ മാത്രം 31 പേര്‍ മരിച്ചതായും റിപോര്‍ട്ടുണ്ട്. താവി ചനാബ് നദികളില്‍ ജലനിരപ്പ് അപകടനിലയ്ക്കും മുകളിലാണ്
താവി നദിക്ക് കുറുകെ ഉണ്ടായിരുന്ന പാലത്തിന്റെ ഒരു ഭാഗവും ഒലിച്ചുപോയി. കുടുങ്ങിക്കിടക്കുന്ന 3500ലധികം ആളുകളെ രക്ഷപ്പെടുത്തി. കനത്ത മഴ റോഡ് - റെയില്‍ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാ വഴിയില്‍ മണ്ണിടിച്ചിലുണ്ടായത്.
31 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ക്ഷേത്രത്തിലേക്കുള്ള പാത തകര്‍ന്നുകിടക്കുകയാണ്. പാലങ്ങളും വൈദ്യുതി ലൈനുകളും മൊബൈല്‍ ടവറുകളും എല്ലാം തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം, എന്‍ഡിആര്‍എഫ് (ദേശീയ ദുരന്ത നിവാരണ സേന), എസ്ഡിആര്‍എഫ് (സംസ്ഥാന ദുരന്തനിവാരണ സേന), ജമ്മു പോലിസ്, ഷ്രൈന്‍ ബോര്‍ഡ് ജീവനക്കാര്‍ അടക്കം സംയുക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ദോഡ, ജമ്മു, ഉദ്ധം പൂര്‍ എന്നിവിടങ്ങളില്‍ നിരവധി വീടുകളും വെള്ളത്തിനടിയിലായി. 22 ട്രെയിനുകള്‍ റദ്ധാക്കിയിട്ടുണ്ട്. വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്ര നിര്‍ത്തിവച്ചതായും പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ തീര്‍ത്ഥാടകര്‍ യാത്ര തുടങ്ങരുതെന്നുമാണ് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജമ്മു നഗരത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 250 മില്ലിമീറ്ററിലധികമാണ് മഴ ലഭിച്ചത്. സ്ഥിതിഗതികളെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുമായി ഫോണില്‍ സംസാരിച്ചിരുന്നു.
Post a Comment