ന്യൂഡൽഹി:സിബിഎസ്ഇ ഒൻപതാം ക്ലാസ്സിൽ ഓപ്പൺ ബുക്ക് പരീക്ഷയ്ക്ക് അംഗീകാരം നൽകിയതായി റിപ്പോർട്ട്. 2026-27 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുമെന്ന് സിബിഎസ്ഇ തീരുമാനിച്ചെന്ന് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇതിന്റെ സുഗമമായ നടത്തിപ്പിന് സിബിഎസ്ഇ ഓപ്പൺ-ബുക്ക് പരീക്ഷകൾക്കായി വിശദമായ ചട്ടക്കൂട്, മാർഗനിർദേശങ്ങൾ, മാതൃകാ ചോദ്യപേപ്പറുകൾ എന്നിവ നൽകും.
നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് ഫോർ സ്കൂൾ എഡ്യൂക്കേഷൻ 2023, ദേശീയ വിദ്യഭ്യാസ നയം 2020 എന്നിവ പ്രകാരം മനഃപാഠമാക്കുന്ന പ്രവണത കുറച്ച് ആശയങ്ങൾ മനസ്സിലാക്കി ജീവിത സാഹചര്യങ്ങളിൽ പ്രയോഗിക്കുക എന്നതാണ് ലക്ഷ്യം. ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയ പ്രധാന വിഷയങ്ങൾക്ക് ഓപ്പൺ ബുക്ക് പരീക്ഷ അനുവദിക്കും.
വിമർശനാത്മക ചിന്ത വളർത്താനും ആശയങ്ങൾ യഥാർത്ഥ ലോകത്ത് പ്രയോഗിക്കാനുള്ള കഴിവ് പ്രോത്സാഹിപ്പിക്കാനും വിദ്യാർത്ഥികളിൽ പരീക്ഷാ സംബന്ധമായ സമ്മർദം ലഘൂകരിക്കാനുമാണിത്. തുടക്കത്തിൽ മൂല്യനിർണയം എല്ലാ സ്കൂളുകൾക്കും നിർബന്ധമാക്കാൻ സാധ്യതയില്ല, സ്കൂളുകൾക്ക് തീരുമാനിക്കാനുള്ള സ്വാതന്ത്യം നൽകും.
സിബിഎസ്ഇ 2014-15 ലും 2016-17 ലും ഇടയിൽ, 9, 11 ക്ലാസ്സുകൾക്കായി ഓപ്പൺ ടെക്സ്റ്റ് പരീക്ഷ നടത്തിയിരുന്നു. എന്നാൽ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചതിനെ തുടർന്ന് ഇത് പിന്നീട് നിർത്തലാക്കി.
Post a Comment