കോഴിക്കോട്: യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയത് സംബന്ധിച്ച് എക്‌സില്‍ പോസ്റ്റ് ചെയ്ത വാർത്ത പിൻവലിച്ചിട്ടല്ലെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ ഷെയർ ചെയ്ത വാർത്ത തങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടില്ലെന്ന് കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. പോസ്റ്റ് ഡിലീറ്റ് ചെയ്തത് വാർത്താ ഏജൻസിയാണെന്നും തങ്ങള്‍ അല്ലെന്നുമാണ് വിഷയത്തില്‍ കാന്തപുരത്തിന്റെ ഓഫീസ് പ്രതികരിച്ചത്. അതേസമയം നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കി എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നയാണ് കാന്തപുരം.
നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതടക്കമുള്ള വാർത്ത പുറത്ത് വന്നതിന് പിന്നാലെ കാന്തപുരത്തിന്‍റെ ഇടപെടലിനെ ചൊല്ലി വലിയ അവകാശവാദങ്ങളും തർക്കങ്ങളും നടന്നിരുന്നു.അതേസമയം, വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന വാര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ കിട്ടിയ ശേഷം പ്രതികരിക്കാം എന്നാണ് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചത്. വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത തെറ്റാണെന്ന് യമനിലെ സാമൂഹ്യ പ്രവര്‍ത്തകൻ സാമുവല്‍ ജെറോം വ്യക്തമാക്കി. എന്നാല്‍ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നും ഇക്കാര്യത്തില്‍ യെമനില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചെന്നുമാണ് യെമനിലെ സൂഫി പണ്ഡിതന്‍റെ ശിഷ്യനായ ജവാദ് മുസ്തഫാവി അവകാശപ്പെട്ടത്.
വധശിക്ഷ റദ്ദാക്കിയ ശേഷമുള്ള മറ്റു കാര്യങ്ങള്‍ തുടർ ചർച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാൻ ധാരണയായി. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടർ ചർച്ചകള്‍ക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങള്‍ തീരുമാനിക്കുക എന്നീ വിവരങ്ങളാണ് കാന്തപുരത്തിന്റെ ഓഫീസ് പങ്കുവെച്ചിരുന്നത്.
നേരത്തെ ജൂലായ് 16 ന് നിശ്ചയിച്ച നിമിഷ പ്രിയയുടെ വധശിക്ഷ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു. രണ്ടാം ഘട്ട ചർച്ചകള്‍ക്ക് കേന്ദ്ര സർക്കാർ നിയോഗിക്കുന്ന നയതന്ത്ര പ്രതിനിധികള്‍കൂടി പങ്കെടുക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം കേന്ദ്രസർക്കാർ നേരത്തെ തള്ളിയിരുന്നു.
അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കാൻ പുതിയ തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യെമനി പൗരൻ തലാലിന്റെ സഹോദരൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് ഔദ്യോഗികമായി കത്ത് നല്‍കി. ഈ കത്ത് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പൊതുജനങ്ങളുമായി പങ്കുവെക്കുകയും ചെയ്തു. തലാലിന്റെ കുടുംബം നേരത്തെയും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു.
കേരളത്തില്‍ നിന്നുള്ള മധ്യസ്ഥ സംഘം ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇടപെടലുകളെ തുടർന്നാണ് നിമിഷപ്രിയയുടെ വധശിക്ഷ നേരത്തെ നിശ്ചയിച്ചിരുന്ന ജൂലൈ 16-ന് നടപ്പാക്കുന്നത് മാറ്റിവെച്ചത്. എന്നാല്‍, പുതിയ തീയതി ഇതുവരെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് തലാലിന്റെ സഹോദരൻ വീണ്ടും സമ്മർദ്ദം ചെലുത്തി രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ, നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി ചില കേന്ദ്രങ്ങളില്‍ നിന്ന് വ്യാപകമായ പ്രചാരണങ്ങള്‍ നടന്നിരുന്നു. യെമനിലുള്ള സുവിശേഷകൻ കെ.എ. പോള്‍, ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകൻ കൂടിയായ ഡോ. പോള്‍, തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ (മുമ്പ് ട്വിറ്റർ) ഒരു വീഡിയോ സന്ദേശത്തിലൂടെ അവകാശപ്പെട്ടിരുന്നു. യെമനിലെ സനയില്‍ നിന്നുള്ള ഈ വീഡിയോയില്‍, നിമിഷപ്രിയയുടെ അമ്മ ഉള്‍പ്പെടെയുള്ളവർക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
വധശിക്ഷ റദ്ദാക്കിയെന്ന പ്രചാരണങ്ങള്‍ പുറത്തുവന്നപ്പോള്‍ തന്നെ, കൊല്ലപ്പെട്ട തലാലിന്റെ സഹോദരനും പ്രതികരണവുമായി എത്തിയിരുന്നു. നിമിഷപ്രിയ ഉടൻ മോചിതയാകുമെന്ന പ്രചാരണത്തെ അദ്ദേഹം ശക്തമായി നിഷേധിക്കുകയും, മോചനമല്ല, മറിച്ച് വധശിക്ഷ എത്രയും പെട്ടെന്ന് നടപ്പാക്കുകയാണ് വേണ്ടതെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു
Post a Comment