തിരുവമ്പാടി: നാല്‍പത് വർഷം മുമ്പ് രണ്ടുപേരെ കൊലപ്പെടുത്തിയതായി ഏറ്റുപറഞ്ഞ് പൊലീസില്‍ കീഴടങ്ങിയ വേങ്ങര സ്വദേശി മുഹമ്മദലി എന്ന ആന്റണി (56) ആരെയും കൊന്നിട്ടില്ലെന്നും മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നെന്നും ജ്യേഷ്ഠൻ പൗലോസ് മാധ്യമങ്ങളോട് പറഞ്ഞു.കുറ്റമേറ്റെടുത്ത രണ്ടു സംഭവങ്ങളിലും അയാള്‍ നിരപരാധിയാണെന്ന് കൂടരഞ്ഞിയില്‍ താമസിക്കുന്ന പൗലോസ് പറഞ്ഞു.
1986, 1989 വർഷങ്ങളിലായി രണ്ടുപേരെ കൊലപ്പെടുത്തിയെന്നായിരുന്നു വെളിപ്പെടുത്തല്‍. കൂടരഞ്ഞി തൈപറമ്പില്‍ പൈലിയുടെ മകനായ ആന്റണിയാണ് മുഹമ്മദലി ആയി മാറിയത്. 14-ാം വയസ്സില്‍ കൂടരഞ്ഞി കരിങ്കുറ്റിയില്‍ ഒരാളെ തോട്ടിലേക്ക് ചവിട്ടിയിട്ടു കൊന്നുവെന്നാണ് പൊലീസില്‍ മുഹമ്മദലി നല്‍കിയ ഒരു മൊഴി.
1986 ഡിസംബറിലാണ് സംഭവമെന്ന് പറയുന്നു. ഡിസംബർ അഞ്ചിലെ പത്രത്തില്‍ കൂടരഞ്ഞി മിഷൻ ആശുപത്രിക്ക് പിറകിലെ വയലിലെ തട്ടില്‍ 20 വയസ്സ് തോന്നിക്കുന്ന ആളുടെ മൃതദേഹം കണ്ടെത്തിയതായി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ ഒരാളുടെ സഹായത്തോടെ മറ്റൊരാളെ കൊന്നതായും മുഹമ്മദലി മൊഴി നല്‍കിയിട്ടുണ്ട്.
സംഭവശേഷം വർഷങ്ങള്‍ കഴിഞ്ഞ് കൂടരഞ്ഞിയില്‍ നിന്ന് വിവാഹിതനായെങ്കിലും ഭാര്യ ഉപേക്ഷിച്ചു. തുടർന്ന് മലപ്പുറത്തേക്ക് താമസം മാറുകയും അവിടെ നിന്ന് മറ്റൊരു വിവാഹം കഴിച്ച് മതം മാറി വേങ്ങരയില്‍ താമസമാക്കുകയായിരുന്നെന്ന് പൗലോസ് പറഞ്ഞു.

Post a Comment