താമരശ്ശേരി: താമരശ്ശേരി ഗ്രാമ പഞ്ചായത്തിൽ വനിതാ വൈസ് പ്രസിഡന്റിനെതിരെ വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാനും യൂത്ത് ലീഗ് പ്രസിഡന്റുമായ അയ്യൂബ് ഖാൻ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ മോശമായി പെരുമാറിയതായി പരാതി. ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും മുന്നിൽ വെച്ച് അപമാനിച്ചു എന്ന് കാണിച്ച് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.കെ. സൗദാ ബീവി നേതൃത്വത്തിന് പരാതി നൽകി.
വിഷയത്തിൽ പ്രാദേശിക പാർട്ടി നേതൃത്വത്തിന് മുമ്പാകെ പരാതി നൽകിയിട്ടും യാതൊരു വിധത്തിലുള്ള നടപടിയും സ്വീകരിക്കാത്തതിൽ അണികൾക്കിടയിൽ അതൃപ്തി ഉടലെടുത്തിരുന്നു. ഇതേ തുടർന്നാണ് പാർട്ടി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കും യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിക്കും വൈസ് പ്രസിഡൻറ് പരാതി നൽകിയത്.
കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ചെയർമാന്റെ മുറിയിൽ വെച്ചാണ് സംഭവമുണ്ടായത്. ഇക്കഴിഞ്ഞ 17-ാം തിയ്യതിയാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത് എന്നാണ് പരാതിയിൽ പറയുന്നത്. വിഷയം ഒതുക്കി തീർക്കാൻ പാർട്ടി മണ്ഡലം ഭാരവാഹികളിൽ ചിലർ ശ്രമം ആരംഭിച്ചിട്ടുണ്ട്. കുറ്റം ചെയ്ത സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് പാർട്ടിയിലെ പ്രബല വിഭാഗവും വനിതാ ലീഗും ആവശ്യപ്പെടുന്നത്.
വിഷയത്തിൽ നടപടി ഉണ്ടായിട്ടില്ലെങ്കിൽ നിയമപരമായി മുന്നോട്ടു പോവാനാണ് പരാതിക്കാരിയുടെയും പാർട്ടിയിലെ പ്രബല വിഭാഗത്തിന്റെ നീക്കം. പുതിയ കൊടുവള്ളി മണ്ഡലം കമ്മിറ്റി നിലവിൽ വന്നതിനു ശേഷമാണ് താമരശ്ശേരി പഞ്ചായത്ത് മുസ്ലീം ലീഗിൽ ഇത്രയും രൂക്ഷമായ ഗ്രൂപ്പ് പോരും വിഭാഗീയതയും ഉടലെടുത്തത്. തദ്ദേശതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മുന്നണിയിലെ പ്രബല പാർട്ടിയിൽ ഉടലെടുത്ത ഗ്രൂപ്പ് തർക്കത്തിൽ കോൺഗ്രസ് നേതൃത്വത്തിനും അതൃപ്തിയുണ്ട്. തിരുവമ്പാടിയിലും ലീഗിനുള്ളിലെ വിഭാഗീയത മറ നീക്കി പുറത്തു വന്നിരുന്നു.

Post a Comment