കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായി ഒബ്സർവേഷൻ ഹോമിലുള്ള അഞ്ച് പേർക്കും പ്ലസ് വൺ പ്രവേശനം ലഭിച്ചു. പത്താം ക്ലാസ്സിൽ മികച്ച മാർക്ക് നേടാനായിരുന്ന ഇവർക്ക് ആദ്യ അലോട്ട്മെന്റിൽ തന്നെ അഡ്മിഷൻ ലഭിച്ചിരുന്നു. ഇതോടെ ഇന്ന് നേരിട്ട് സ്‌കൂളിൽ എത്തിച്ചാണ് പ്രവേശനം ഉറപ്പാക്കിയത്. മൂന്ന് പേരെ ചേർക്കാൻ എത്തിച്ച താമരശ്ശേരി വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ കെഎസ്‌യുവിന്റെയും എംഎസ്എഫിന്റെയും നേതൃത്വത്തിൽ വൻ പ്രതിഷേധമാണുണ്ടായത്. പ്രവേശനം നൽകിയ സർക്കാർ നടപടി വേദനാജനകമെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും കൊല്ലപ്പെട്ട ഷഹബാസിൻ്റെ പിതാവ് ഇഖ്ബാൽ പറഞ്ഞു
താമരശ്ശേരി ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലും കോഴിക്കോട് നഗരപരിധിയിലെ സ്കൂളുകളിലുമായാണ് അഞ്ച് പേർക്ക് പ്രവേശനം ലഭിച്ചത്. മൂന്നു പേർക്കാണ് താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനം ലഭിച്ചത്. ഹൈക്കോടതിയുടെ നിർദേശപ്രകാരം രാവിലെ 10 മണിയോടെയാണ് കേസിലെ പ്രതികളായ വിദ്യാർഥികളെ പ്ലസ് വൺ പ്രവേശനത്തിനായി ഒബ്സർവേഷൻ ഹോമിന്റെ പുറത്തിറക്കിയത്. പൊലിസ് അകമ്പടിയോടെയാണ് ഇവരെ സ്‌കൂളിൽ എത്തിച്ചത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലിസ് സന്നാഹമായിരുന്നു താമരശ്ശേരി സ്കൂൾ പരിസരത്തുണ്ടായിരുന്നത്. വിദ്യാർഥികളെ സ്‌കൂളിൽ എത്തിക്കുന്നതിന് മുൻപേ പ്രതിഷേധം തുടങ്ങി. പ്രതിഷേധിച്ച എംഎസ്എഫ് പ്രവർത്തകരെ ആദ്യം പൊലിസ് അറസ്റ്റ് ചെയ്തു നീക്കി. പിന്നാലെ പൊലിസ് വാഹനത്തിന് മുന്നിൽ നിന്ന് പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകരെ ബലം പ്രയോഗിച്ചു നീക്കി പൊലിസ് കസ്റ്റഡിയിലെടുത്തു. വിദ്യാഭ്യാസ വകുപ്പിനെനെതിരെ പ്രതിഷേധം തുടരുമെന്ന് കെഎസ്‌യു പ്രവർത്തകർ അറിയിച്ചു.
അതേസമയം, സ്‌കൂളിൽ എത്തി അര മണിക്കൂറിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി, മൂന്ന് കുട്ടികളേയും തിരികെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. പ്ലസ് വൺ പ്രവേശനത്തിനായി ഹൈക്കോടതി ഇന്ന് ഒരു ദിവസത്തെ സമയമായിരുന്നു അഞ്ചുപേർക്കും അനുവദിച്ചത്. ഇവരുടെ ജാമ്യാപേക്ഷ വിധി പറയുന്നതിനായി ഹൈക്കോടതി മാറ്റിയിരിക്കുകയാണ്.

Post a Comment