കൊല്ലത്ത് മകനെ വെട്ടിക്കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി



കൊല്ലം: കടപ്പാക്കടയില്‍ മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യചെയ്തു. കടപ്പാക്കട അക്ഷയനഗർ സ്വദേശി വിഷ്ണു എസ്. പിള്ളയാണ് കൊല്ലപ്പെട്ടത്.

അഭിഭാഷകനായ ശ്രീനിവാസപിള്ളയാണ് ആത്മഹത്യചെയ്തത്. ശനിയാഴ്ച രാവിലെയാണ് ഇരുവരെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷ്ണുവിന് ചെറിയ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന സൂചന.




വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയിലും ശ്രീനിവാസപിള്ളയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

ശ്രീനിവാസപിള്ളയും ഭാര്യയും മകൻ വിഷ്ണുവുമാണ് കടപ്പാക്കടയിലെ വീട്ടില്‍ താമസിച്ചിരുന്നത്. വിഷ്ണുവിന്റെ അമ്മ രണ്ടുദിവസം മുമ്പ് തിരുവനന്തപുരത്ത് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോയിരുന്നു. ഇന്ന് രാവിലെ ഇവർ തിരിച്ചെത്തിയപ്പോള്‍ വീട് അടച്ചിട്ടിരിക്കുന്ന നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശ്രീനിവാസപിള്ളയേയും വിഷ്ണുവിനേയും ഉള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അഭിഭാഷകനായ ശ്രീനിവാസപിള്ള കഴിഞ്ഞ 10 വർഷത്തോളമായി പ്രാക്ടീസ് ചെയ്തിരുന്നില്ല. വീടിന് പുറത്ത്, ട്യൂഷൻ സെന്ററുകളുടേയും നിർമാണ കമ്ബനികളുടേയും ഹോട്ടല്‍ സർവീസിന്റെയുമൊക്കെ ബോർഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും ശരിക്കുമുള്ള സ്ഥാപനങ്ങളല്ലെന്നും മകന്റെ സന്തോഷത്തിനുവേണ്ടി അച്ഛൻ വെറുതെ ബോർഡുകള്‍ സ്ഥാപിച്ചിരിക്കുന്നതാണെന്നും കോർപറേഷൻ കൗണ്‍സിലർ പറയുന്നു.

വിഷ്ണു രണ്ടുതവണ വിവാഹം കഴിച്ചിരുന്നതായും, രണ്ടും നിയമപരമായി വേർപിരിഞ്ഞതായും നാട്ടുകാർ പറയുന്നു. ഒരിക്കല്‍ വിഷ്ണു വീടിന്റെ മുകളില്‍നിന്നും താഴേക്ക് ചാടി കാലൊടിഞ്ഞിരുന്നതായും വീട്ടില്‍ കാണാൻ എത്തിയവരോടൊക്കെ വിഷ്ണു ഇക്കാര്യം അഭിമാനത്തോടെ പറഞ്ഞിരുന്നതായും കോർപറേഷൻ കൗണ്‍സിലർ പറയുന്നു. കടപ്പാക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Post a Comment

Previous Post Next Post
Paris
Paris