വിധിയെഴുതി നിലമ്പൂർ; വോട്ടെടുപ്പ് അവസാനിച്ചു, 70 ശതമാനം കടന്ന് പോളിംഗ്



നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാനിച്ചു. അഞ്ച് മണിവരെ 70.76 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇന്ന് രാവിലെ ഏഴുമണിക്ക് ആരംഭിച്ച പോളിംഗ് ആറ് മണിയോടെയാണ് അവസാനിച്ചത്. 





കനത്ത മഴയിലും ആവേശത്തോടെയാണ് വോട്ടർമാർ പോളിംഗ് ബൂത്തുകളിലേക്ക് എത്തിയത്. പൊതുവേ സമാധാനപരമായ രീതിയിലാണ് വോട്ടെടുപ്പ് നടന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നിലമ്പൂരിലെ ആദിവാസി മേഖലകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.
വോട്ടെടുപ്പ് ആരംഭിച്ചതു മുതൽ മികച്ച ആത്മവിശ്വാസത്തിലാണ് സ്ഥാനാർത്ഥികൾ. ഒരു ഘട്ടത്തിലും തനിക്ക് ആശങ്ക തോന്നിയിട്ടില്ലെന്നും നാട് പകർന്ന് നൽകിയ ആത്മവിശ്വാസം ശക്തമായുണ്ടെന്നുമാണ് ഇടതുപക്ഷ സ്ഥാനാർത്ഥി എം സ്വരാജ് പ്രതികരിച്ചത്. വലിയ ഭൂരിപക്ഷം മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നതായി യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. മണ്ഡലം തിരിച്ച് പിടിക്കും. യുഡിഎഫിന് തൊട്ടുപിന്നിൽ വരുന്ന സ്ഥാനാർത്ഥി എൽഡിഎഫായിരിക്കും. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്നും ഷൗക്കത്ത് പറഞ്ഞു. എന്നാൽ സ്വതന്ത്ര സ്ഥാനാർഥിയായ പി.വി അൻവർ താൻ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസമാണ് വോട്ടെടുപ്പ് അവസാനം വരെ പറഞ്ഞത്.
പ്രമുഖ സ്ഥാനാർത്ഥികളടക്കം പത്തുപേരാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഹോംവോട്ടിംഗ് അനുമതി ലഭിച്ച 1254 പേർക്കുള്ള വോട്ടെടുപ്പ് ജൂൺ 16ന് പൂർത്തിയായിരുന്നു. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകൾ ഉൾപ്പടെ ആകെ 263 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. 23നാണ് വോട്ടെണ്ണൽ.
ആകെ 2,32,384 വോട്ടർമാരാണ് നിലമ്പൂരിൽ ഉള്ളത്. പുരുഷ വോട്ടർമാർ 1,13,613. വനിതാ വോട്ടർമാർ 1,18,760, ട്രാൻസ്‌ജെൻഡർ വോട്ടർമാർ എട്ട്, ഇതിൽ 7787 പേർ പുതിയ വോട്ടർമാരാണ്. പ്രവാസി വോട്ടർമാർ 373, സർവീസ് വോട്ടർമാർ 324.


Post a Comment

Previous Post Next Post
Paris
Paris