കേരളത്തിലെ ദേശീയ പാത നിർമ്മാണ വീഴ്ച പിഎസി ചർച്ച ചെയ്യും; ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥർക്ക് ഹാജരാകാൻ നിർദ്ദേശം



ദില്ലി : കേരളത്തിലെ ദേശീയ പാത നിർമ്മാണത്തിലെ വീഴ്ച പാർലമെൻറ് പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി ചർച്ച ചെയ്യും. ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരോടും ട്രാൻസ്പോർട്ട് മന്ത്രാലയ ഉദ്യോഗസ്ഥരോടും ഈ മാസം 29ന് ഹാജരാകാൻ കെസി വേണുഗോപാൽ അദ്ധ്യക്ഷനായ സമിതി നിർദ്ദേശിച്ചു. കേരളത്തിലെ വീഴ്ചകൾ പരിശോധിക്കുന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം മന്ത്രി നിതിൻ ഗഡ്കരി ഉന്നതതല യോഗം വിളിക്കാനിരിക്കെയാണ് പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ നീക്കം.




കൂരിയാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്നത് ദേശീയതലത്തിൽ ചർച്ചയായതിന് പിന്നാലെ നിർമ്മാണ കമ്പനിക്കും കൺസൾട്ടൻറിനും എതിരെ കേന്ദ്ര ട്രാൻസ്പോർട്ട് മന്ത്രാലയം നടപടിയെടുത്തിരുന്നു. കമ്പനികളെ ടെൻഡർ നടപടികളിൽ നിന്ന് താല്ക്കാലികമായി വിലക്കിയ മന്ത്രാലയം ഡീബാർ ചെയ്യാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നല്കിയിരിക്കുകയാണ്. വിദഗ്ധസമിതി റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടി എന്നാണ് നിതിൻ ഗഡ്കരി ഇന്നലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറോട് വ്യക്തമാക്കിയത്. ദേശീയപാത നി‍‍ർമ്മാണത്തിൽ അഴിമതി ഉണ്ടെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം അരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാർലമെൻറ് അക്കൗണ്സ് കമ്മിറ്റി വിഷയത്തിൽ ഇടപെടുന്നത്.

29ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എത്തുമ്പോൾ പ്രധാന കരാറിൻറെയും ഉപകരാറുകളുടെയും തുകയിലെ വ്യത്യാസം അടക്കം ഉന്നയിക്കാനാണ് നീക്കം. നേരത്തെ പാർലമെൻറ് അക്കൗണ്ട്സ് കമ്മിറ്റി കൊച്ചിയിൽ സിറ്റിംഗ് നടത്തിയപ്പോഴും ഈ വിഷയം ഉയർന്നിരുന്നു. കേരളത്തിലെ എഞ്ചിനീയർമാർ കൂടി ഡിസൈൻ അടക്കം നടപടികളിൽ ഇടപെടുന്നുണ്ട് എന്നാണ് അന്ന് സംസ്ഥാനം അറിയിച്ചത്. ഇപ്പോൾ സംസ്ഥാനം കൈയ്യൊഴിയുന്ന സാഹചര്യത്തിൽ റോഡ് നിർമ്മാണത്തിൽ കേരളത്തിൻറെ പങ്കും വ്യാഴാഴ്ചത്തെ യോഗത്തിൽ ചർച്ചയാകാനാണ് സാധ്യത. പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി വിളിച്ചുള്ള കെസി വേണുഗോപാലിൻറെ നീക്കം ചെറുക്കാനുള്ള ആലോചന നിതിൻ ഗഡ്കരിയും നടത്തുന്നുണ്ടെന്നാണ് സൂചന. മന്ത്രിയുടെ അവലോകനയോഗം ഇതിനു മുമ്പ് നടത്തേണ്ടതുണ്ടോ എന്നതും ചർച്ച ചെയ്യുന്നുണ്ട്

Post a Comment

Previous Post Next Post
Paris
Paris