കോഴിക്കോട് : മണക്കടവ് ദാറുസ്സലാം ഹയർ സെക്കണ്ടറി മദ്റസയിൽ "തസ്വ് വീത് 2025" പൊതുതിരഞ്ഞെടുപ്പ് നടത്തി. നൂറോളം വിദ്യാർഥികൾ രണ്ട് പോളിംങ്ങ് ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്തി. മദ്റസാ ലീഡർ തസ്‌തികയിലേക്കും എസ്.കെ.എസ്.ബി.വി പ്രസിഡന്റ്, സെക്രട്ടറി, സോഷ്യൽ അഫേഴ്സ്, സാഹിത്യ സമാജം ഭാരവാഹികൾ തുടങ്ങിയ തസ്‌തികകളിലേക്കുമായി പതിനാല് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.
പേപ്പർ രഹിതവും കമ്പ്യൂട്ടർ വത്കൃതവുമായി നടന്ന പോളിംങ് വിദ്യാർത്ഥികളിൽ പുത്തനുണർവ്വേകി. തിരഞ്ഞെടുപ്പ് കമ്മീഷൻ, നടപടി ക്രമങ്ങൾ, നിയമ ലംഘനങ്ങൾക്കെതിരെയുള്ള സൂചന നിർദ്ദേശങ്ങൾ, ആലോചനാ യോഗങ്ങൾ, നാമ നിർദ്ദേശ പത്രിക സമർപ്പണം, പിൻവലിക്കൽ, പ്രഖ്യാപനം, പ്രചാരണം, വോട്ടഭ്യർത്ഥന, ആഹ്ലാദ പ്രകടനം, മൗന പ്രചാരണം, സ്ഥാനാർത്ഥിയുടെ ഫോട്ടോയും ചിഹ്നവും പതിച്ച പോസ്റ്ററുകൾ, പാരിതോഷിക പ്രഖ്യാപനങ്ങൾ, പ്രകടന പത്രികകൾ തുടങ്ങി ദിവസങ്ങളോളമായ നടപടിക്രമങ്ങൾ വിദ്യാർ ത്ഥികളിൽ ആരവവും ആവേശവുമുണ്ടാക്കി. വോട്ടെണ്ണലും ഫലപ്രഖ്യാപനവും സത്യപ്രതിജ്ഞയും തുടർ ദിവസങ്ങളിൽ നടക്കും.
സ്വദർ മുഅല്ലിം സി.പി അഷ്റഫ് ഫൈസി, അധ്യാപകരായ അബ്ദുന്നാസർ മാഹിരി, മുഹമ്മദ് മുസ്‌ലിയാർ, അബ്ദുൽ ബാസിത് യമാനി, നിഹാൽ യമാനി തുടങ്ങിയവർ നിയന്ത്രിച്ചു. ജനപ്രതിനിധികളായ പനങ്ങാവിൽ ഷാജി , അബ്ദുൽ ഖാദർ മൂർക്കനാട് തുടങ്ങിയവർ വിശിഷ്ട അഥിതികളായി. അബ്ദുൽ വഹാബ്, അബ്ദുൽ അസീസ് മാസ്റ്റർ, യു.സി മുഹമ്മദലി ശിഹാബ് സംബന്ധിച്ചു.

Post a Comment