തേങ്ങയുടെ വിലയിൽ കുതിപ്പ്; ആഗോള ആവശ്യകത കൂടുന്നു, ഒരു ക്വിന്റൽ പച്ചത്തേങ്ങയ്ക്ക് 6800 രൂപ



പ്രധാന നാളികേര ഉത്പാദകരാജ്യങ്ങളായ ഇൻഡൊനീഷ്യയും ഫിലിപ്പീൻസും ആഭ്യന്തര നാളികേര വ്യവസായമേഖലയെ ശക്തിപ്പെടുത്താൻ പച്ചത്തേങ്ങ കയറ്റുമതിയിലേർപ്പെടുത്തിയ നിയന്ത്രണം തേങ്ങയുടെ ആഗോള ആവശ്യകത ഉയർത്തുന്നു. ഫിലിപ്പീൻസിൽ പച്ചത്തേങ്ങ കയറ്റുമതിക്ക് നിരോധനമുണ്ട്. പുതിയ സാഹചര്യത്തിൽ ഇത് കർശനമാക്കി.




ആറുമാസത്തേക്ക് പച്ചത്തേങ്ങ കയറ്റുമതി നിരോധിക്കാൻ ഇൻഡൊനീഷ്യൻ വ്യവസായമന്ത്രാലയവും ശുപാർശ ചെയ്തു. കയറ്റുമതിചെയ്യുന്ന മറ്റ് നാളികേര ഉത്പന്നങ്ങൾക്ക് ചുങ്കമേർപ്പെടുത്താനും ശുപാർശയുണ്ട്. ഈ നീക്കം ആഗോളവിപണിയിൽ നാളികേരക്ഷാമത്തിന് വഴിയൊരുക്കുമെന്ന ആശങ്കയുയർന്നതോടെ ചൈനയുൾപ്പെടെയുള്ള രാജ്യങ്ങൾ തേങ്ങ വാങ്ങിക്കൂട്ടുന്നുണ്ട്. ഇത് നാളികേരവിലയിലും പ്രതിഫലിച്ചുതുടങ്ങി. റെക്കോഡ് വിലയാണ് തേങ്ങയ്ക്കും കൊപ്രയ്ക്കുമെല്ലാം.

കഴിഞ്ഞ സെപ്റ്റംബർമുതൽ തേങ്ങവില കൂടിയത് കർഷകർക്ക് ഗുണകരമാണെങ്കിലും കൂടിയ വിലയും ആവശ്യത്തിന് തേങ്ങ കിട്ടാത്തതും നാളികേരാധിഷ്ഠിത വ്യവസായമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാനാണ് ഫിലിപ്പീൻസിന്റെയും ഇൻഡൊനീഷ്യയുടെയും ശ്രമം.

കയറ്റുമതി നിരോധിച്ച് വ്യവസായങ്ങൾക്കാവശ്യമായ തേങ്ങ രാജ്യത്ത് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനെതിരേ കർഷകരിൽനിന്ന് പ്രതിഷേധമുയർന്നിട്ടുണ്ട്. തേങ്ങ കയറ്റുമതിചെയ്യാതെ രാജ്യത്തുമാത്രം ഉപയോഗിക്കുമ്പോൾ വിലയിടിയുമെന്നാണ് കർഷകരുടെ വാദം. കുതിച്ചുയർന്ന വെളിച്ചെണ്ണവിലയുൾപ്പെടെ നിയന്ത്രിക്കുകയെന്ന ലക്ഷ്യവും ഈ രാജ്യങ്ങൾക്കുണ്ട്.

ലോകത്തെ നാളികേര കയറ്റുമതിയുടെ ഏറിയപങ്കും വഹിക്കുന്ന ഇൻഡൊനീഷ്യ, ഫിലിപ്പീൻസ് എന്നീരാജ്യങ്ങൾ കയറ്റുമതിയിൽ നിയന്ത്രണമേർപ്പെടുത്തുമ്പോൾ ആഗോള നാളികേരവിപണിയിൽ പ്രതിസന്ധിയുറപ്പാണ്. ഈ രാജ്യങ്ങളുമായി താരതമ്യംചെയ്യുമ്പോൾ ഇന്ത്യയിൽനിന്നുള്ള നാളികേര കയറ്റുമതി വളരെ കുറവാണ്. യൂറോപ്പ്, അമേരിക്ക, ഗൾഫ് രാജ്യങ്ങൾ, ചൈന എന്നിവയാണ് ലോകത്തെ പ്രധാന നാളികേര ഇറക്കുമതിരാജ്യങ്ങൾ.

Post a Comment

Previous Post Next Post
Paris
Paris