എൽ.പി.ജി കിട്ടാക്കനി, ഓട്ടംമുട്ടി ഓട്ടോകൾ

കോഴിക്കോട്: എൽ.പി.ജി സ്റ്റേഷനുകൾ ഒന്നൊന്നായി പൂട്ടിയതോടെ ഇന്ധനത്തിനായി നെട്ടോട്ടമോടി ഓട്ടോ തൊഴിലാളികൾ. ജില്ലയിൽ സരോവാരം, പുതിയങ്ങാടി, കുണ്ടായിത്തോട്, മുക്കം, പയ്യോളി എന്നിങ്ങനെ അഞ്ച് എൽ.പി.ജി സ്‌റ്റേഷനുകളുണ്ടായിരുന്നത്. എന്നാൽ ഇന്ധന ലഭ്യത കുറഞ്ഞതോടെ പുതിയങ്ങാടി സ്‌റ്റേഷൻ രണ്ട് വർഷം മുമ്പ് അടച്ചു. അറ്റകുറ്റപണിയുടെ പേരിൽ ആറുമാസം മുമ്പ് സരോവരം സ്റ്റേഷനും നിർത്തലാക്കി




മുക്കം, പയ്യോളി സ്‌റ്റേഷനുകളിൽ വല്ലപ്പോഴും ഇന്ധനം ലഭിച്ചാലായി. നിലവിൽ കുണ്ടായിത്തോട് മാത്രമാണ് എൽ.പി.ജി ലഭിക്കുന്നത്. ഇതോടെ പലപ്പോഴും അയൽ ജില്ലകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് തൊഴിലാളികൾ

പയ്യോളിയിലെ സ്‌റ്റേഷൻ തുറന്നില്ലെങ്കിൽ 45 കിലോമീറ്ററോളം സഞ്ചരിച്ച് കണ്ണൂർ ജില്ലയിലെ എടക്കാട് എത്തി ഇന്ധനം നിറയ്ക്കണം. കുണ്ടായിത്തോട് നിന്ന് ഇന്ധനം ലഭിച്ചില്ലെങ്കിൽ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സ്‌റ്റേഷനിലെത്തണം. ഈ അവസ്ഥയിൽ പലരും ഓട്ടോറിക്ഷ റോഡിലേക്കിറക്കാറില്ല, ഓടുന്നവരാണെങ്കിൽ ഇന്ധനം തീരുമെന്ന ആശങ്കയിലും. ജില്ലയിൽ 2500ലധികം എൽ.പി.ജി ഓട്ടോകൾ സർവീസ് നടത്തുന്നുണ്ട്. അതിൽ രണ്ടായിരത്തോളവും കോഴിക്കോട് നഗരത്തിലാണ്

പ്രകൃതി സൗഹൃദമെന്ന പേരിൽ കെട്ടിഘോഷിച്ചാണ് എൽ .പി .ജി ഓട്ടോകൾ നിരത്തിലിറങ്ങിയത്. ഇവർക്കായി എല്ലാ സിവിൽ സപ്ലൈസ് പമ്പുകളിലും എൽ .പി .ജി സ്‌റ്റേഷൻ ആരംഭിക്കുമെന്ന് ഉറപ്പും നൽകി. എന്നാൽ വാഗ്ദാനം പാഴ്‌വാക്കായതോടെ ദുരിതത്തിലാണിവർ

വലിയ സിലിണ്ടറുള്ള ഓട്ടോറിക്ഷകളിൽ മൂന്നുദിവസത്തിൽ ഒരു തവണയും മറ്റുള്ളവയിൽ രണ്ടുദിവസത്തിൽ ഒരു തവണയുമാണ് ഇന്ധനം നിറക്കേണ്ടത്. പഴയ ഓട്ടോകളിൽ 13 ലിറ്ററും പുതിയവയിൽ 17 ലിറ്ററുമാണ് സിലിണ്ടറിന്റെ സംഭരണശേഷി

ഒരു തവണ ഇന്ധനം നിറയ്ക്കാൻ തൊഴിലാളികൾക്ക് 100-150 രൂപയാണ് ചെലവാകുന്നത്. വാഹനത്തിന്റെ വായ്പാ അടവിനൊപ്പം ഇന്ധനം നിറയ്ക്കാനുള്ള അധിക ചെലവും കണ്ടെത്തേണ്ടിവരുമ്പോൾ തൊഴിലാളികൾക്ക് പ്രതിസന്ധി ഏറുകയാണ്. വാഹനം കൊടുത്ത് ഒഴിവാക്കുകയാണ് രക്ഷയെന്നാണ് തൊളിലാളികൾ പറയുന്നത്. എന്നാൽ പലർക്കും വായ്പ ഉള്ളതിനാൽ അതിനും കഴിയുന്നില്ല. ഇത്തരം വണ്ടികൾക്ക് മാർക്കറ്റിൽ ഡിമാൻഡില്ലാത്ത സ്ഥിതിയുമാണ്

വാഹനങ്ങളിൽ മൂന്നുലിറ്റർ പെട്രോൾ നിറയ്ക്കാൻ സാധിക്കുമെങ്കിലും മെെലേജ് കുറവാണെന്നും ദിവസേന പെട്രോൾ നിറച്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്നും തൊഴിലാളികൾ പറയുന്നു. എത്രയും പെട്ടെന്ന് അടച്ചിട്ട എൽ.പി.ജി സ്റ്റേഷനുകൾ തുറക്കണമെന്നും പുതിയവ ആരംഭിക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം

 എൽ.പി.ജിയ്ക്ക് വില കുത്തനെ ഉയർന്നത് ജീവനക്കാരെ പ്രയാസത്തിലാക്കുകയാണ്. കിലോയ്ക്ക് നിലവിൽ 85.50 രൂപയാണ്. തുടക്കത്തിൽ 53-54 രൂപയായിരുന്നു. പെട്രോൾ, ഡീസൽ വിലയിൽ വൻ കുതിപ്പ് വന്നതോടെയാണ് എൽ.പി.ജി വാഹനങ്ങളിലേക്ക് ഓട്ടോ തൊഴിലാളികൾ തിരിഞ്ഞത്. എന്നാൽ പെട്രോൾ വില വർദ്ധനയ്ക്കൊപ്പം എൽ.പി.ജി വിലയും കുതിച്ചത് ഇരുട്ടടിയായി

Post a Comment

Previous Post Next Post
Paris
Paris