കോഴിക്കോട്: ലൈഫ് പദ്ധതിയിൽ പണിത വീടുകൾ ഇൻഷുർ ചെയ്തതിനുള്ള കാർഡിന്റെ വിതരണം എസ്.കെ. പൊറ്റെക്കാട്ട് ഹാളിൽ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സ്വന്തമായി വീട് എന്ന സ്വപ്നസാക്ഷാത്കാരത്തിനായി നഗരസഭയിൽ ഭൂമിയുള്ള ഭവനരഹിതരായ 4823 ഗുണഭോക്താക്കളെ ഭവന നിർമാണത്തിന് ധനസഹായത്തിനായി തിരഞ്ഞെടുത്തു.
ഇതിൽ 2500 ഗുണഭോക്താക്കളുടെ നിർമാണം പൂർത്തിയായി. നിർമാണം പൂർത്തിയാക്കിയ ഗുണഭോക്താക്കൾക്കായി ഭവനം ഇൻഷുർ ചെയ്യുന്ന നടപടികളാണ് സർക്കാർ സ്വീകരിച്ചത്. പണി പൂർത്തിയാക്കിയ രണ്ടായിരത്തോളം നഗരസഭയിലെ ഗുണഭോക്താക്കളെ പദ്ധതിയിൽ ഉൾപ്പെടുത്തി. പദ്ധതി പ്രകാരം ഓരോ വീടും നാല് ലക്ഷം രൂപക്കാണ് ഇൻഷുർ ചെയ്തത്. 2024 മാർച്ച് 31 വരെ ഇൻഷുറൻസ് കാലാവധി സംസ്ഥാന സർക്കാർ യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി കരാർ ഏർപ്പെട്ട് ഒരു വർഷത്തേക്ക് 127 രൂപ നിരക്കിൽ മൂന്ന് വർഷത്തേക്കുള്ള 349 രൂപ തുക അടച്ചിട്ടുണ്ട്. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി. ദിവാകരൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. നാസർ, ഒ.പി. ഷിജിന, കൗൺസിലർമാരായ സഫീന, പണ്ടാരത്തിൽ പ്രസീന, യൂനിയൻ ബാങ്ക് റീജനൽ മാനേജർ റോസ്ലിൻ എന്നിവർ സംസാരിച്ചു.

Post a Comment