സൂറിച്ച്: ഏറ്റവും പുതിയ ഫിഫ റാങ്കിങിൽ ഇന്ത്യ ആദ്യ നൂറിൽ ഇടംനേടി._ _നേരത്തെ നൂറാമതായിരുന്ന ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി 99-ാം സ്ഥാനത്തേക്ക് എത്തി. അടുത്തിടെ നടന്ന ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിലും സാഫ് കപ്പിലും മികച്ച പ്രകടനം നടത്തിയതാണ് ഇന്ത്യയുടെ റാങ്കിങ് മെച്ചപ്പെടുത്താൻ സഹായിച്ചത്. കഴിഞ്ഞ വര്‍ഷം ഈ സമയം ഇന്ത്യ റാങ്കിംഗില്‍ 104-ാം സ്ഥാനത്തായിരുന്നു.
നിലവിൽ ഇന്ത്യയുടെ റേറ്റിങ് പോയിന്‍റ് 1208 ആണ്. കഴിഞ്ഞ റാങ്കിംഗില്‍ ഇന്ത്യക്ക് 1204 പോയിന്റായിരുന്നു. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ കിരീടം നേടിയ ഇന്ത്യ അതിനു പിറകെ സാഫ് കപ്പും സ്വന്തമാക്കിയിരുന്നു. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ഫിഫ റാങ്കിംഗില്‍ മുന്നിലുള്ള ലെബനനെനും കിര്‍ഗിസ്ഥാനെയും കീഴടക്കിയായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം.
അതിനുശേഷം നടന്ന സാഫ് കപ്പിൽ കരുത്തരായ കുവൈറ്റിനെ തോല്‍പ്പിച്ചതും ഇന്ത്യയ്ക്ക് ഗുണം ചെയ്തു. ഇത്തവണ അതിഥി ടീമായാണ് കുവൈറ്റ് സാഫ് കപ്പിൽ പങ്കെടുത്തത്. 2022 സെപ്റ്റംബറില്‍ ത്രിരാഷ്‌ട്ര ടൂര്‍ണമെന്റില്‍ വിയറ്റ്നാമിനോട് മറുപടിയില്ലാത്ത മൂന്ന് ഗോളിന് തോറ്റശേഷം ഇന്ത്യ തോൽവി അറിഞ്ഞിട്ടില്ല.
അടുത്തകാലത്തായി ഇന്ത്യയുടെ ഫുട്ബോൾ ടീം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. പ്രതിരോധത്തിലും ആക്രമണത്തിലും മധ്യനിരയിലും ടീം മുന്നേറി. മികച്ച ടീം ഗെയിമിങ്ങും പാസിങ്ങും ടീമിന് കഴിയുണ്ട്.
അതേസമയം പതിയ ഫിഫ റാങ്കിങ്ങിൽ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഏപ്രിലിലെ റാങ്കിംഗില്‍ അര്‍ജന്റീന ബ്രസീലിനെ പിൻതളളി ഒന്നാമതെത്തിയിരുന്നു. ഒന്നാം സ്ഥാനത്ത് തുടരുന്ന അര്‍ജന്റീനയ്‌ക്ക് 1843 പോയിന്റാണുളളത്. രണ്ടാമതുളള ഫ്രാൻസിനും 1843 പോയിന്റുണ്ട്. ബ്രസീല്‍ 1828 പോയിന്റുമായി മൂന്നാമതാണ്. ഇംഗ്ലണ്ട് നാലാമതും ബെല്‍ജിയം അഞ്ചാമതുമാണ്.

Post a Comment