കൊടുവള്ളി: റാഗിങ്ങിന്റെപേരിൽ കൊടുവള്ളി ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദനമേറ്റതായി പരാതി. കൊടുവള്ളി മുക്കിലങ്ങാടി സ്വദേശി മുഹമ്മദ് റസൽ (16) നാണ് മർദ്ദനമേറ്റത്.
വ്യാഴാഴ്ചയാണ് സംഭവം. ക്ലാസിലേക്ക് സംഘടിച്ചെത്തിയ പ്ലസ്ടു വിദ്യാർഥികൾ വസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടെന്നും വിസമ്മതിച്ചപ്പോൾ മർദിച്ചെന്നുമാണ് മുഹമ്മദ് റസൽ പറയുന്നത്. പരിക്കേറ്റ റസലിനെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുമ്പ് രണ്ടുതവണ സ്കൂളിൽ വെച്ച് റസലിന് മർദനമേറ്റതായി പിതാവ് ഗഫൂർ മുക്കിലങ്ങാടി പറഞ്ഞു. പ്രിൻസിപ്പലിന് റസൽ നൽകിയ പരാതി പോലീസിന് കൈമാറിയതായി പി.ടി.എ. പ്രസിഡന്റ് ആർ.വി. റഷീദ് പറഞ്ഞു. വ്യാഴാഴ്ച സ്കൂളിൽ ആന്റി റാഗിങ് കമ്മിറ്റി യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തെന്നും അദ്ദേഹം അറിയിച്ചു.

Post a Comment