കോഴിക്കോട് വിമാനത്താവളം സ്ഥലം ഏറ്റെടുക്കൽ; കൂടുതൽ സമയം നൽകണമെന്ന് കേന്ദ്രമന്ത്രിയോട് എംപി


മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിന്റെ റിസ നിർമാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കാനായി സംസ്ഥാനത്തിന് സമയം നീട്ടി നൽകണമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് ആവശ്യപ്പെട്ട് എം.പി.അബ്ദുസ്സമദ് സമദാനി എംപി. റൺവേ വെട്ടിച്ചുരുക്കാനുള്ള നടപടിയിലേക്ക് കടക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിഷയം സംസ്ഥാന സർക്കാരിന്റെ പക്കലാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഡൽഹിയിൽ രാജീവ് ഗാന്ധി ഭവനിലെ മന്ത്രിയുടെ ഓഫിസിലെത്തി നടത്തിയ  കൂടിക്കാഴ്ചയിലാണ്   എംപി  ഇക്കാര്യമുന്നയിച്ചത്. 






സ്ഥലം ലഭ്യമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികൾ പുരോഗമിക്കുകയാണെന്ന് എംപി അറിയിച്ചു. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ പരസ്പര ക്രമീകരണമുണ്ടാക്കി സ്ഥലം ലഭ്യമാക്കുന്നതിനുള്ള സമയം നീട്ടുകയാണു വേണ്ടത്. അതിനു പകരം റിസ വെട്ടിച്ചുരുക്കുന്നത് വിമാനത്താവളത്തിന്റെ വികസനത്തെ മാത്രമല്ല ദൈനംദിന പ്രവർത്തനങ്ങളെയും അപകടകരമായ രീതിയിൽ ബാധിക്കും. അതിനാൽ അതൊഴിവാക്കണമെന്നും ഭൂമിയേറ്റെടുക്കാൻ ഏതാനും മാസങ്ങൾകൂടി സമയം നീട്ടിനൽകണമെന്നും എംപി ആവശ്യപ്പെട്ടു. 




എന്നാൽ യാത്രക്കാരുടെ സുരക്ഷിതത്വത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും വിദഗ്ധ സമിതി ശുപാർശ ചെയ്ത റിസ നിർമാണം വിമാനത്താവളത്തിന്റെ അനിവാര്യതയാണെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് വിമാനത്താവളത്തിന്റെ റിസ നവീകരണം എപ്പോൾ പൂർത്തിയാക്കാൻ സാധിക്കുമെന്നത് ആവശ്യമായ 14.5 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റിക്കു കൈമാറുന്ന സമയത്തെ ആശ്രയിച്ചിരിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം. റിസ നവീകരണത്തിന്റെ എസ്റ്റിമേറ്റ്, നിർമാണരീതി എന്നിവ സംബന്ധിച്ച് എം.കെ രാഘവൻ എംപി പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. 

നിരന്തരം കത്തിടപാടുകൾ നടത്തിയിട്ടും സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകിയില്ലെന്നും കേന്ദ്രം മറുപടിയിൽ ആവർത്തിക്കുന്നുണ്ട്.എർത്ത് എംബാങ്ക്മെന്റ്, റീ ഇൻഫോഴ്സ്ഡ് സോയിൽ വാൾ, സ്‌ലോപ് പ്രൊട്ടക്‌ഷൻ ഉൾപ്പടെയുള്ള രീതികൾ അവലംബിച്ചാണു റിസ നിർമാണം പൂർത്തീകരിക്കുകയെന്നു നിർമാണ രീതിയെക്കുറിച്ചുള്ള എംപിയുടെ ചോദ്യത്തിനു മറുപടി നൽകിയിട്ടുണ്ട്.

ഭാവിയിൽ വലിയ വിമാന സർവീസ് ഉൾപ്പെടെയുള്ള കോഴിക്കോട് വിമാനത്താവളത്തിന്റെ സാധ്യതകൾ പരിഗണിച്ച്, ഭൂമി കൈമാറിക്കിട്ടിയാൽ റിസ നിർമാണത്തിന്റെ സാമ്പത്തിക ബാധ്യത അതോറിറ്റി നിർവഹിക്കും. ഇതിനായി 484.57 കോടി രൂപയുടെ ഭരണാനുമതി ആയതായും കേന്ദ്ര വ്യോമയാന വകുപ്പ് മറുപടിയിൽ വ്യക്തമാക്കി.

റിസ നവീകരണ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ മെല്ലെപ്പോക്കും റൺവേ നീളം കുറയ്ക്കാൻ കേന്ദ്രം കാണിക്കുന്ന വ്യഗ്രതയും ദുരുദ്ദേശ്യപരമാണെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ എയർപോർട്ട് വിരുദ്ധ സമീപനം എല്ലാ പരിധികളും ലംഘിക്കുകയാണെന്നും എംപി കുറ്റപ്പെടുത്തി.


Post a Comment

Previous Post Next Post
Paris
Paris