വടകര : ഏറാമലയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇരുവഴിഞ്ഞിപ്പുഴയില്‍ കാണാതായ വയോധികന് വേണ്ടിയും കൊയിലാണ്ടി വലിയമങ്ങാട് ബീച്ചില്‍ തിരയില്‍പ്പെട്ട യുവാവിനായും തിരച്ചില്‍ തുടരുന്നു. ചാത്തമംഗലത്ത് വീട് തകര്‍ന്നുവീണ് സഹോദരങ്ങള്‍ക്ക് പരുക്കേറ്റു.
മൂന്ന് ദിവസം മുന്‍പാണ് വടകര ഏറാമലയിലെ കനാലില്‍ പായല്‍ നീക്കംചെയ്യുന്നതിനിടെ മാത്തലപ്പറമ്പില്‍ വിജീഷ് ഒഴുക്കിൽപ്പെട്ടത്. ശക്തമായ മഴയില്‍ നീരൊഴുക്ക് കൂടിയത് രക്ഷാപ്രവര്‍ത്തനത്തിനും തിരിച്ചടിയായി. ഇന്ന് രാവിലെയും തുടര്‍ന്ന തിരച്ചിലിലാണ് അപകടമുണ്ടായ സ്ഥലത്തിന് നൂറ് മീറ്റര്‍ അകലെ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാത്രി കൊയിലാണ്ടി വലിയമങ്ങാട് ബീച്ചില്‍ എത്തിയ യുവാവും അപടത്തില്‍പ്പെട്ടു. തിരയില്‍ അകപ്പെട്ട് കാണാതായ വലിയമങ്ങാട് സ്വദേശി അനൂപ് സുന്ദരന് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഇക്കഴിഞ്ഞ നാലാം തീയതിയാണ് കൊടിയത്തൂര്‍ തെയ്യത്തും കടവ് പാലത്തിന് സമീപം ഇരുവഴിഞ്ഞിപ്പുഴയില്‍ 64കാരന്‍ ഒഴുക്കില്‍പ്പെട്ടത്. കാണാതായ കാരക്കുറ്റി സ്വദേശി ഹുസ്സൻകുട്ടിക്ക് വേണ്ടിയും തിരച്ചില്‍ തുടരുന്നു. മലയോരമേഖലയില്‍ ഇടവിട്ട് ശക്തമായ മഴയുണ്ട്. ചാത്തമംഗലം വെള്ളലശ്ശേരിയിൽ മഴയില്‍ വീട് തകര്‍ന്നു. പുരുത്തിപ്പാറ ബാബുവിനും സഹോദരി നീലാച്ചണിക്കും പരുക്കേറ്റു. ഇരുവരെയും നാട്ടുകാർ ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. കൊടുവള്ളി മദ്രസ ബസാറില്‍ പാറോപനിയില്‍ അഷ്റഫിന്‍റെ വീടിന് മുകളിൽ മരം വീണു.
മാവൂരിലെ താഴ്ചന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ചാലിയാറും ചെറുപുഴയും കരകവിഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം.
വീടുകളിലേക്ക് വെള്ളംകയറി. വ്യാപകമായി കൃഷി നശിച്ചു. മിക്കയിടങ്ങളിലും കടല്‍ പ്രക്ഷുബ്ധമാണ്. കടലാക്രണ ഭീതിയിലാണ് തീരദേശജനത.

Post a Comment