ആലുവ തായ്ക്കാട്ടുകരയിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ അസം സ്വദേശിയെ പോലീസ് പിടികൂടി. എന്നാൽ, കുട്ടിയെ കണ്ടെത്താനായില്ല. പ്രതി അസഫാക് ആലത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കുട്ടി എവിടെയാണെന്നത് സംബന്ധിച്ച് ഇയാൾ വ്യക്തമായ മറുപടി നൽകിയിട്ടില്ല.
തട്ടിക്കൊണ്ടുപോകുന്ന സമയത്ത് മദ്യലഹരിയിൽ ആയിരുന്നു ഇയാൾ എന്നാണ് പോലീസ് നൽകുന്ന വിവരം. ഇപ്പോഴും ലഹരി വിട്ടൊഴിഞ്ഞിട്ടില്ല. പ്രതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി.
ഗാരേജിന് സമീപം മുക്കത്ത് പ്ലാസയിൽ താമസിക്കുന്ന ബിഹാർ സ്വദേശി മജ്ജയ് കുമാറിന്റെ ആറു വയസ്സുള്ള മകൾ ചാന്ദ്നിയെയാണ് ഇന്നലെ വൈകീട്ട് മൂന്നരയോടെ കാണാതായത്. ഇവരുടെ വീടിന് മുകളിൽ താമസിച്ചിരുന്ന അസം സ്വദേശിയായ അസഫാക് ആലം കുട്ടിയെ തട്ടിക്കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ആലുവ ഗാരേജ് റോഡിന് സമീപത്തുളള സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഇയാൾ കെ.എസ്.ആർ.ടി.സി ബസിലേക്ക് കുട്ടിയെ കയറ്റുന്നത് കണ്ടു എന്ന് നാട്ടുകാർ അറിയിച്ചെന്നും പോലീസ് പറയുന്നു.
മജ്ജയ് കുമാറിന്റെ നാലു മക്കളിൽ രണ്ടാമത്തെ കുട്ടിയാണ് ചാന്ദ്നി. ഇവർ കുടുംബസമേതം ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട് നാലുവർഷമായി. തട്ടിക്കൊണ്ട് പോയയാൾ രണ്ട് ദിവസം മുമ്പാണ് ഇവർ താമസിച്ച വീടിന്റെ മുകളിൽ താമസിക്കാനെത്തിയത്.

Post a Comment