കാലിക്കറ്റ് സർവകലാശാലയ്ക്ക് ഇന്ന് 55-ാം പിറന്നാൾ


തേഞ്ഞിപ്പാലം: കേരളത്തിലെ ഏറ്റവും വലിയ സർവകലാശാലക്ക് ഇന്ന് 55-ാം പിറന്നാൾ. മലബാറിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് പരിഹാരമായി 1968 ജൂലായ് 23നാണ് കാലിക്കറ്റ് സർവകലാശാല നിലവിൽ വന്നത്. സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പദ്ധതികൾ ഒരുങ്ങുന്നുണ്ടെന്ന് വൈസ് ചാൻസലർ ഡോ.എം.കെ.ജയരാജ് പറഞ്ഞു. തുടക്കത്തിൽ കാസർകോട് മുതൽ തൃശൂർ വരെയായിരുന്നു സർവകലാശാലാ പരിധി. കണ്ണൂർ സർവകലാശാല വന്നതോടെ വയനാട് മുതൽ തൃശൂർ വരെയായി. നിലവിൽ അഞ്ച് ജില്ലകളിലായി 426 അഫിലിയേറ്റഡ് കോളേജുകളാണ് കാലിക്കറ്റിന് കീഴിലുള്ളത്. വയനാട്, തൃശ്ശൂർ ജില്ലകളിലേത് ഉൾപ്പെടെ 36 പഠനവകുപ്പുകളുമുണ്ട്.




ഇത്തവണ എ പ്ലസ് ഗ്രേഡിന്റെ തിളക്കത്തിലാണ് പിറന്നാളെന്നത് മാറ്റ് കൂട്ടുന്നു. സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് സർവകലാശാലാ സസ്യോദ്യാനവും പാർക്കും പൊതുജനങ്ങൾക്ക് സൗജന്യമായി തുറന്ന് നൽകും. സസ്യോദ്യാനം സാധാരണ ഞായറാഴ്ച തുറക്കാറില്ല. ഇവിടെ പ്രവേശനത്തിന് ടിക്കറ്റും ഉണ്ട്. രാവിലെ 11 മുതൽ അഞ്ച് വരെയാണ് സൗജന്യ പ്രവേശനം. ഇതിനായി അവധി ദിനത്തിലും ജീവനക്കാരെ സജ്ജമാക്കിയിട്ടുണ്ടെന്ന് ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ജോസ് ടി. പുത്തൂർ അറിയിച്ചു.

വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച സർവകലാശാലാ കാമ്പസിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ എന്നിവർക്കായി വൈസ് ചാൻസലറുടെ മെറിറ്റോറിയസ് അവാർഡ് ഇത്തവണയും നൽകും. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സർവകലാശാലാ കാമ്പസിലെ ശാസ്ത്ര പദ്ധതികളും ഗവേഷണങ്ങളും പരിചയപ്പെടുത്തുന്നതിനായി അടുത്ത മാസം ‘ശാസ്ത്രയാൻ’ ക്യാമ്പ് നടത്തും. വിദ്യാർത്ഥികളിൽ നിന്ന് നൂതനാശയങ്ങൾ തേടുന്ന ‘ഐഡിയ ഹണ്ട് ‘ ഒരുങ്ങുന്നുണ്ട്. സംരഭങ്ങളെയും സ്റ്റാർട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി ടെക്‌നോളജി ബിസിനസ് ഇൻക്യുബേറ്റർ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. മന്ത്രിമാരെക്കൂടി പങ്കെടുപ്പിച്ച് സ്ഥാപകദിനാഘോഷ പരിപാടികൾ ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് സർവകലാശാല. ഇതിനായി വൈസ് ചാൻസലർ അദ്ധ്യക്ഷനായും രജിസ്ട്രാർ കൺവീനറായും സമിതി രൂപവത്കരിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post
Paris
Paris