ആശങ്കയേറുന്നു; സംസ്ഥാനത്ത് 138 ഡെങ്കിപ്പനി ഹോട്ട്‌സ്‌പോട്ടുകൾ



സംസ്ഥാനത്ത് പനി മരണങ്ങള്‍ വര്‍ധിക്കവെ , ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 138 ഡെങ്കിപ്പനി ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തി. കോഴിക്കോട്, കൊല്ലം ജില്ലകളില്‍ 20 വീതം പനിബാധിത മേഖലകളാണുള്ളത്. ഈ മേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.




ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിദ്ധ്യവും രോഗബാധയും ഏറ്റവും കൂടുതലുള്ള മേഖലകളാണ് തരംതിരിച്ചത്. കൊല്ലത്ത് അഞ്ചല്‍, കരവാളൂര്‍, തെന്മല, പുനലൂര്‍, കൊട്ടാരക്കര അടക്കമുള്ള പ്രദേശങ്ങള്‍ ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടികയില്‍പെടും, കോഴിക്കോട്ട് കൂരാച്ചുണ്ട്, മുക്കം, കൊടുവള്ളി, പേരാമ്പ്ര തുടങ്ങിയ പ്രദേശങ്ങളാണ് ഹോട്ട് സ്‌പോട്ടുകളായി കണ്ടെത്തിയത്. തിരുവനന്തപുരത്ത് മാണിക്കല്‍, പാങ്ങപ്പാറ, കിളിമാനൂര്‍, മംഗലപുരം തുടങ്ങി 12 ഇടങ്ങളും പത്തനംതിട്ട ജില്ലയില്‍ പത്തനംതിട്ട ടൗണ്‍, സീതത്തോട്, കോന്നി, കടമ്പനാട്, മല്ലപ്പള്ളി തുടങ്ങി 12 ഇടങ്ങളും കണ്ടെത്തി.

ഇടുക്കിയില്‍ വണ്ണപ്പുറം, മുട്ടം, കരിമണ്ണൂര്‍, പുറപ്പുഴയും കോട്ടയത്ത് കോട്ടയം മുനിസിപ്പാലിറ്റി, മീനടം, എരുമേലി, പാമ്പാടി, മണിമല തുടങ്ങി 14 ഹോട്ട്സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ മുനിസിപ്പാലിറ്റി ഉള്‍പ്പെടെ ഏഴു സ്ഥലങ്ങളാണ് പനിമേഖല.എറണാകുളത്ത് കൊച്ചി കോര്‍പ്പറേഷന്‍ പ്രദേശമുള്‍പ്പെടെ ഒന്‍പത് മേഖലകള്‍ പനി ബാധിതമെന്ന് കണ്ടെത്തി. തൃശൂരില്‍ കോര്‍പ്പറേഷന്‍ പരിധിയിലും ഒല്ലൂരും കേസുകള്‍ കൂടുതലാണ്. പാലക്കാട് കരിമ്പയും കൊടുവായൂരും പട്ടികയിലുണ്ട്.

മലപ്പുറത്ത് പത്തെണ്ണത്തില്‍ മലപ്പുറം ടൗണും എടപ്പറ്റയും കരുവാരക്കുണ്ടും പട്ടികയില്‍ ഉള്‍പ്പെടുന്നു.

വയനാട് സുല്‍ത്താന്‍ ബത്തേരിയും മീനങ്ങാടിയും ഉള്‍പ്പെടെ നാലെണ്ണം മാത്രം. തലശേരിയും പാനൂര്‍ മുനിസിപ്പാലിറ്റിയും കണ്ണൂരിലെ പനി ബാധിത മേഖലകളിലുണ്ട്. കാസര്‍കോട് ബദിയടുക്ക ഉള്‍പ്പെടെ അഞ്ച് പനി ബാധിത മേഖലകളാണുള്ളത്.

Post a Comment

Previous Post Next Post
Paris
Paris