താമരശ്ശേരി:വയനാട് ചുരത്തിൽ കഴിഞ്ഞ ദിവസം മാലിന്യം തള്ളിയ പ്രതിയെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.കുന്ദമംഗലം മുറിയനാൽ ഭാഗത്ത് ബൈക്കിന്റെ സീറ്റ് കവർ, ടാങ്ക് കവർ എന്നിവ നിർമിച്ചു വിൽപന നടത്തുന്ന മുക്കം അഗസ്ത്യൻ മുഴി സ്വദേശി ആർ.രവി(30) ആണ് പിടിയിലായത്
പിഴയും ഒരു വർഷം മുതൽ അഞ്ചു വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ് പ്രതിയുടെ പേരിലുള്ളത്.മാലിന്യച്ചാക്കിൽ നിന്ന് ലഭിച്ച രസീതുകളിൽ നിന്നും മറ്റുമാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്.ഇരുചക്രവാഹനങ്ങളുടെ ഉപയോഗശൂന്യമായ സീറ്റ് കവർ, ടാങ്ക് കവർ എന്നിവ അടങ്ങിയ മാലിന്യമാണു ചാക്കുകളിൽ കൊണ്ടുവന്നു രാത്രിയുടെ മറവിൽ ചുരത്തിൽ തള്ളി കടന്നുകളഞ്ഞത്.
ചുരം ഭാഗത്ത് വനത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിക്കുമെന്നു താമരശ്ശേരി റേഞ്ച് ഓഫിസർ എം.കെ രാജീവ് കുമാർ അറിയിച്ചു.കഴിഞ്ഞ തിങ്കളാഴ്ചയാണ് 9-ാം വളവിനു താഴെ കൊക്കയിൽ മാലിന്യ ചാക്കുകൾ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയത്.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു കേസ് എടുത്ത് അന്വേഷിച്ചുവരികയായിരുന്നു.

Post a Comment