തിരുവനന്തപുരം: മികച്ച ശമ്പളവും അവസരവും തേടി കേരളത്തിൽ നിന്ന് നഴ്സുമാർ വിദേശരാജ്യങ്ങളിലേക്കടക്കം പോകാൻ നിർബന്ധിതമാകുമ്പോഴും സർക്കാർ ആശുപത്രികളിലെ അവസരം നിഷേധിച്ച് ആരോഗ്യവകുപ്പ്. നഴ്സിംഗ് ഓഫീസർ ഗ്രേഡ് 2 റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് രണ്ടു വർഷമാകുമ്പോൾ നിയമനം നടന്നത് 10 ശതമാനത്തിൽ താഴെ മാത്രം.
ആശുപത്രികളിൽ നിരവധി ഒഴിവുകളുണ്ടെങ്കിലും യഥാസമയം റിപ്പോർട്ട് ചെയ്യാൻ ജില്ലാ മെഡിക്കൽ ഓഫിസർമാർ തയ്യാറാകുന്നില്ല. പ്രോമോഷനുകൾ സമയബന്ധിതമായി നടത്താത്തതിനാൽ പുതിയ ഒഴിവുകളും ഉണ്ടാകുന്നില്ല. മുൻപ് നടന്ന 200 പ്രമോഷനുകളിലൂടെ ഉണ്ടായ ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടില്ല. പകരം താത്കാലിക നിയമനങ്ങൾ നടത്തുന്നു.
2021 ആഗസ്റ്റിൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റിലുള്ളത് 7,000 ലധികംപേരാണ്. എന്നാൽ, 14 ജില്ലകളിലായി നടന്നത് 479 നിയമനങ്ങൾ മാത്രം. ഇടുക്കി, വയനാട് ജില്ലകളിൽ വിരലിലെണ്ണാവുന്ന നിയമനമേ നടന്നിട്ടുള്ളൂ. നിയമനം നടക്കാത്തതിന് സാമ്പത്തിക പ്രതിസന്ധിയും കാരണമായി പറയുന്നുണ്ട്. 2024 ഡിസംബർവരെ ലിസ്റ്റിന് കാലാവധിയുണ്ട്. അതിനിടെ കുറച്ച് ഒഴിവുകളെങ്കിലും റിപ്പോർട്ട് ചെയ്യുമെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷ.രോഗികളുടെ എണ്ണക്കൂടുതൽ കാരണം മതിയായ പരിചരണം നൽകാനാവുന്നില്ലെന്ന പരാതി വ്യാപകമാണ്. നാഷണൽ ഹെൽത്ത് മിഷൻ, എം.എൽ.എസ്.പി കേന്ദ്ര പദ്ധതികൾ വഴി താത്കാലികമായി നിയമിച്ച നഴ്സുമാരുള്ളതിനാലാണ് പലയിടത്തും ആശുപത്രി പ്രവർത്തനം മുടങ്ങാത്തത്.
ഗ്രേഡ് 2 കേഡറിൽ സർവീസിൽ പ്രവേശിക്കുന്നവർക്ക് ഗ്രേഡ് വണ്ണിലേക്ക് പ്രൊമോഷൻ നൽകിയാലെ ഒഴിവുകളുണ്ടാകൂ. ഇത് സമയബന്ധിതമായി നടക്കുന്നില്ല. ഇപ്പോൾ പ്രൊമോഷൻ നടത്തിയാൽ 1000 -1200 ഒഴിവുകളുണ്ടാകും. നഴ്‌സിംഗ് ഓഫീസർ ഗ്രേഡ് 2 ശമ്പള സ്കെയിൽ 39,400- 83,000. ഗ്രേഡ് വണ്ണിൽ നിന്ന് ഹെഡ് നഴ്സുമാരായി പ്രൊമോഷൻ നടക്കുന്നുണ്ട്.

Post a Comment