മാവൂർ:കോഴിക്കോട് മെഡിക്കൽ കോളേജ് സബ്സെന്ററായ ചെറൂപ്പ ആശുപത്രിയോടുള്ള അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ മാവൂർ ഗ്രാമപഞ്ചായത്തിൽ കരിദിനമാചരിച്ചു. ഇന്നലെ രാവിലെ 6 മണിമുതൽ ഉച്ചയ്ക്ക് 12 മണി വരെയായിരുന്നു കരിദിനമായി ആചരിച്ചത്. കരിദിനാചരണത്തിന്റെ ഭാഗമായി ചെറൂപ്പയിൽ നൂറുകണക്കിനാളുകൾ അണിനിരന്ന പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചിരുന്നു.
അതേസമയം ആശുപത്രിയിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തുക, കിടത്തിചികിത്സ പുനരാരംഭിക്കുക, ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ ആശുപത്രി അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുന്നിൽ നടത്തിവരുന്ന ഉപരോധ സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ ദിവസം ഈ ആവശ്യങ്ങളുന്നയിച്ച് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിലേക്ക് സമര സമിതി മാർച്ച് നടത്തിയിരുന്നു. ഇന്ന് സമരമുഖത്ത് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് പ്രതിരോധം കൂട്ടായ്മ നടക്കും.
പ്രതിഷേധ പ്രകടനത്തിന് മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി രഞ്ജിത്ത്, വി.എസ് രഞ്ജിത്ത്, വളപ്പിൽ റസാഖ്, മൈമൂന കടുക്കാഞ്ചേരി, ടി.കെ മജീദ്, കെ.ടി വത്സരാജ്, കെ ഉസ്മാൻ, സത്യൻ കളരിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് സമര സമിതി യോഗം ചേർന്നു. സമര സമിതി ഭാരവാഹികളായി മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി രഞ്ജിത്ത് (ചെയർമാൻ), എ.കെ മുഹമ്മദലി ചെറൂപ്പ, ടി മുഹമ്മദലി, ടി.കെ മജീദ്, ഫാത്തിമ ഉണിക്കൂർ (വൈസ് ചെയർമാന്മാർ), വി.എസ് രഞ്ജിത്ത് (ജനറൽ കൺവീനർ), യു.എ ഗഫൂർ, സത്യൻ കളരിക്കൽ, പി അരവിന്ദൻ, സുനോജ് കുമാർ, സമദ് കണ്ണിപറമ്പ് (കൺവീനർമാർ), വൽസരാജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അതേസമയം ആശുപത്രിയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ ഉപസമിതിയെ നിയോഗിക്കുമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പറഞ്ഞു. സമര സമിതി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് പ്രിൻസിപ്പൽ ഇക്കാര്യം അറിയിച്ചത്.



Post a Comment