കൊച്ചി: കോടതി ഉത്തരവുണ്ടാകുന്നത് വരെയോ മുൻകൂർ അനുമതി നൽകുന്നത് വരെയോ റോഡ് ക്യാമറ പദ്ധതിയിൽ പണം നൽകരുതെന്ന് ഹൈക്കോടതി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയത്.
റോഡ് ക്യാമറ പദ്ധതിയിലെ മുഴുവൻ നടപടികളും പരിശോധിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോയെന്ന് കണ്ടെത്തണം. പദ്ധതി രേഖകൾ പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.ആരോപണത്തില്‍ കഴമ്പുണ്ടെന്നും പ്രതിപക്ഷ നേതാവിനേയും മുന്‍ പ്രതിപക്ഷ നേതാവിനേയും അഴിമതി പുറത്ത് കൊണ്ട് വരാന്‍ കാണിക്കുന്ന ശ്രമത്തില്‍ പശംസിക്കുന്നതായും കോടതി പറഞ്ഞു.
ക്യാമറ ഇടപാടിൽ അടിമുടി അഴിമതിയാണെന്നും പദ്ധതി സംബന്ധിച്ചു ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് എസ്.വി.എൻ.ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പൊതുതാൽപര്യ ഹർജി പരിഗണിച്ചത്.

Post a Comment