സമരം പിന്‍വലിച്ച് കെജിഎംഒഎ; സുരക്ഷ ഉറപ്പാക്കും വരെ വിഐപി ഡ്യൂട്ടിയില്ല

തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാരുണമായി കൊലചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ. നടത്തി വന്ന 48 മണിക്കൂര്‍ പ്രതിഷേധ സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തില്‍ സംഘടന മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ തീരുമാനമുണ്ടായ പശ്ചാത്തലത്തില്‍ സമരം തുടരേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു




അതേസമയം, തൊഴിലിടങ്ങളിലെ സുരക്ഷ പൂര്‍ണമായും ഉറപ്പാക്കുന്നതുവരെ വി.ഐ.പികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അകമ്പടി ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കെ.ജി.എം.ഒ.എ. അറിയിച്ചു. ആശുപത്രി സംരക്ഷണനിയമം പരിഷ്‌കരിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതും പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതും ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ തീരുമാനങ്ങളില്‍ സമയബന്ധിതമായ നടപടികള്‍ ഉണ്ടാകാത്ത പക്ഷം തുടര്‍ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും സംഘടന വ്യക്തമാക്കി

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗത്തില്‍ അറിയിച്ചിരുന്നു. സുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാന ആശുപത്രികളില്‍ പോലീസ് ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു

Post a Comment

Previous Post Next Post
Paris
Paris