തിരുവനന്തപുരം : ഇ-പോസ് സെർവർ തകരാർമൂലം റേഷൻ കിട്ടാത്തവർക്കു നഷ്ട പരിഹാരം(ഭക്ഷ്യഭദ്രതാ അലവൻസ്) ലഭിക്കാൻ സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ ഇടപെടൽ. ഈമാസം അഞ്ചിനകം റേഷൻ കിട്ടാത്ത മുൻഗണനാ വിഭാഗത്തിൽപ്പെട്ടവർക്ക് അലവൻസ് കൊടുക്കാൻ നടപടി എടുക്കണമെന്നു കമ്മിഷൻ മെമ്പർ സെക്രട്ടറി, ജില്ലാ പരാതി പരിഹാര ഓഫീസർമാരോടു നിർദേശിച്ചു. മുൻ എം.എൽ.എ. ജോസഫ് എം. പുതുശ്ശേരിയുടെ പരാതിയെ തുടർന്നാണു നടപടി.
സെർവർ തകരാർമൂലം നിരന്തരം റേഷൻ മുടങ്ങിയിട്ടും കാർഡുടമകളാരും പരാതിപ്പെട്ടിരുന്നില്ല. അതുമൂലം വിഷയത്തിലിടപെടാൻ ഭക്ഷ്യകമ്മിഷനു കഴിഞ്ഞിരുന്നില്ല. അതിനിടെയാണു ജോസഫ് എം. പുതുശ്ശേരിയുടെ പരാതി കമ്മിഷനു കിട്ടിയത്. ഏപ്രിലിലെ റേഷൻ വിതരണം മേയ് അഞ്ചുവരെ നീട്ടിയതിനാലാണ് അതിനുശേഷമുള്ള കണക്കെടുത്തു നടപടിയെടുക്കാൻ നിർദേശിച്ചത്.
ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പരിധിയിൽവരുന്ന മഞ്ഞ, പിങ്ക് കാർഡുടമകൾക്കാകും അലവൻസ് ലഭിക്കുക. പൊതുപരാതിയിലാണു കമ്മിഷന്റെ ഇടപെടൽ. ഭക്ഷ്യധാന്യങ്ങളുടെ പൊതുവിപണി വിലയാണ് അലവൻസായി നൽകുക.

Post a Comment