ഡിജിറ്റൽ പണവിനിമയ സംവിധാനങ്ങളിലൂടെ ഇടപാടുകൾ നടത്തുന്നവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെടുന്നത് സംസ്ഥാനത്ത് വ്യാപകമാകുന്നു. വിവിധ ജില്ലകളിലായി നിരവധി അക്കൗണ്ടാണ് മരവിപ്പിക്കപ്പെടുന്നത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസിന്റെ നിർദേശ പ്രകാരമാണ് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെടുന്നതെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. അക്കൗണ്ട് മരവിപ്പിക്കപ്പെടുന്നതോടെ ഉടമകൾ പണം പിൻവലിക്കാനോ, മറ്റുള്ളവർക്ക് പണം കൈമാറാനോ കഴിയാതെ വലയുകയാണ്.
യു.പി.ഐ (യൂനിഫൈഡ് പേമെന്റ് ഇന്റർഫേസ്) വഴി പണം കൈമാറ്റം ചെയ്യപ്പെട്ട അക്കൗണ്ടുകളാണ് പ്രധാനമായും മരവിപ്പിക്കപ്പെട്ടത്. ഗുജറാത്ത്, ആന്ധ്ര, പഞ്ചാബ്, ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന തട്ടിപ്പുകളുടെ പേരിലാണ് ഇവിടെയുള്ളവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നത്. മരവിപ്പിക്കുമെന്ന മുന്നറിയിപ്പോ, മരവിപ്പിച്ചു എന്ന അറിയിപ്പോപോലും ബാങ്ക് അധികൃതർ അക്കൗണ്ട് ഉടമകൾക്ക് നൽകുന്നില്ല. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് ആവശ്യപ്പെടുന്നതനുസരിച്ചും ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി വരുന്ന നിർദേശം അനുസരിച്ചുമാണ് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെടുന്നതെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. തങ്ങൾക്ക് ഇതിൽ ഒന്നും ചെയ്യാനില്ലെന്നും അവർ പറയുന്നു.

Post a Comment