കടലുണ്ടി : പഞ്ചായത്തിലെ വാക്കടവില്‍ കടല്‍ഭിത്തി നവീകരണത്തിന് 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. നിലവിലെ ഭിത്തി താഴ്ന്ന പ്രദേശങ്ങളില്‍ നമ്പര്‍ വണ്‍ സ്‌റ്റോണ്‍ ഒരുക്കി ബലപ്പെടുത്താനാണു തുക അനുവദിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി എത്രയും വേഗം ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.
കരിങ്കല്‍ ഭിത്തി ഉയരം ഇല്ലാത്തതിനാല്‍ കടല് ക്ഷോഭിച്ചാല്‍ തീരത്തെ വീടുകളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ്. ആര്‍ത്തിരമ്പുന്ന കടലിനു മുന്‍പില്‍ ഭീതിയോടെയാണ് തീരദേശവാസികള്‍ കഴിയുന്നത്. തിരയടിയില്‍ ഇടിഞ്ഞു വീണ ഭിത്തി പുതുക്കി നിര്‍മിച്ചിരുന്നില്ല.
ശക്തമായ തിരയടിയില്‍ ഭിത്തിക്കു അടിഭാഗത്തെ മണ്ണൊലിച്ചു പോയാണു കരിങ്കല്ലുകള്‍ ഇളകിയത്. മണ്ണൊലിപ്പു മൂലം വാക്കടവ് മുതല്‍ കടലുണ്ടിക്കടവ് വരെയുള്ള ഭാഗത്തു കടല്‍ ഭിത്തി താഴ്ന്നിട്ടുണ്ട്. നേരത്തെ ഒന്നര മീറ്റര്‍ ഉയരമുണ്ടായിരുന്ന ഭിത്തി ഇപ്പോള്‍ കഷ്ടിച്ചു ഒരു മീറ്റര്‍ മാത്രമേ ഉയരമുള്ളൂ.
ജനവാസ കേന്ദ്രമായ വാക്കടവില്‍ ഭിത്തി പുനര്‍നിര്‍മിക്കണമെന്നു തീരദേശവാസികള്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് കടല്‍ഭിത്തി പുനരുദ്ധാരണത്തിനു തുക ലഭ്യമാക്കിയത്.

Post a Comment