മണ്ണാര്‍ക്കാട് (പാലക്കാട്): ആള്‍ക്കൂട്ട ആക്രമണത്തില്‍ പാലക്കാട് അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസില്‍ വിധി ഏപ്രില്‍ നാലിലേക്ക് മാറ്റി.
മധു കൊല്ലപ്പെട്ട് അഞ്ച് വര്‍ഷത്തിനുശേഷമാണ് അടുത്ത ചൊവ്വാഴ്ച വിധി പറയുന്നത്.
ഏറെ കോളിളക്കം സൃഷ്ടിച്ചതാണ് മധുവധക്കേസ്. 2018 ഫെബ്രുവരി 22നാണ് അരി മോഷ്ടിച്ചെന്ന് ആരോപിച്ച് മധുവിനെ ആള്‍കൂട്ടം പിടികൂടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. ആള്‍ക്കൂട്ട മര്‍ദനത്തിലാണ്കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി പൊലീസ് അന്നുതന്നെ കേസെടുത്തു. 16 പേര്‍ക്കെതിരെയാണ് കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് വിചാരണ ആരംഭിക്കാതിരുന്നതോടെ ജാമ്യം ലഭിച്ചു.
സംഭവം കഴിഞ്ഞ് ഒന്നര വര്‍ഷത്തിനുശേഷമാണ് സര്‍ക്കാര്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത്. 2019 ല്‍ വി.ടി. രഘുനാഥിനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചെങ്കിലും ചുമതല ഏറ്റെടുത്തില്ല. വിചാരണ നീളുകയും കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്ന് ഹൈകോടതി അഭിഭാഷകന്‍ സി. രാജേന്ദ്രനെ പബ്ലിക് പ്രോസിക്യൂട്ടറായും അഡ്വ. രാജേഷ് എം. മേനോനെ അഡീഷനല്‍ പ്രോസിക്യൂട്ടറായും സര്‍ക്കാര്‍ നിയമിച്ചെങ്കിലും മധുവിന്റെ കുടുംബത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് രാജേന്ദ്രന്‍ രാജിവെച്ചു. അഡ്വ. രാജേഷ് എം. മേനോനാണ് നിലവില്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍.
2022 ഏപ്രില്‍ 22ന് വിചാരണ തുടങ്ങി. 122 സാക്ഷികളാണുണ്ടായിരുന്നത്. അവസാനിക്കുമ്ബോള്‍ 129 സാക്ഷികളായി. ഇതില്‍ 103 പേരെ വിസ്തരിച്ചു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് കണ്ടെത്തി ഒഴിവാക്കി. രണ്ടുപേര്‍ മരിച്ചു. 24 പേര്‍ കൂറുമാറി.
പ്രതികള്‍ക്ക് ഹൈകോടതി അനുവദിച്ച ജാമ്യം വിചാരണ കോടതി റദ്ദാക്കിയ അപൂര്‍വത കേസില്‍ ഉണ്ടായി. സാക്ഷികളുടെ കൂറുമാറ്റവും മധു വധക്കേസില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. പൊലീസ് കസ്റ്റഡിയിലിരിക്കെ ഒരാള്‍ മരിച്ചാല്‍ നടത്തുന്ന മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് വിചാരണ വേളയില്‍ എങ്ങനെ പ്രസക്തമാകുമെന്നതിനും മധുകേസ് സാക്ഷിയായി.
വിചാരണ കോടതി ജാമ്യം റദ്ദാക്കിയ ഒരാള്‍ക്ക് മാത്രമാണ് ഹൈകോടതി ജാമ്യം നല്‍കിയത്. പ്രതിഭാഗത്തിന്റെ അഭിഭാഷകന്‍ തന്നെ ഭീഷണിപെടുത്തിയതായി ജഡ്ജി തന്നെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവില്‍ രേഖപെടുത്തി. കോടതിയില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങള്‍ വ്യക്തമായി കാണുന്നില്ലെന്ന് പറഞ്ഞ സാക്ഷിയായ സുനില്‍കുമാറിനെ കോടതി കാഴ്ച പരിശോധനക്ക് അയച്ച സംഭവവും ഉണ്ടായി.
ഈ മാസം നാലിനാണ് അന്തിമവാദം പൂര്‍ത്തിയായത്. മെഡിക്കല്‍ തെളിവുകള്‍ക്കെപ്പം ഡിജിറ്റല്‍ തെളിവുകളും വിചാരണക്കിടെ വിശദമായി കോടതി പരിശോധിച്ചു.
Post a Comment