തിരുവനന്തപുരം: മംഗലപുരം പോലീസ് സ്റ്റേഷനിലെ അഞ്ച് പൊലീസുകാർക്ക് സസ്‌പെൻഷൻ. മണൽ ഗുണ്ടാ മാഫിയകളുടെ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജയൻ, ഗോപകുമാർ, അനൂപ് കുമാർ, സുധി കുമാർ, കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
തിരുവനന്തപുരത്ത് പോലീസുകാർക്കെതിരായ നടപടി തുടരുകയാണ്. ഇന്ന് മൂന്ന് പൊലീസുകാരെ സേനയിൽ നിന്നും നീക്കിയിരുന്നു. ഇൻസ്‌പെക്ടർ അഭിലാഷ് ഡേവിഡ്, ഡ്രൈവർ ഷെറി എസ് രാജ്, സി.പി.ഒ റെജി ഡെവിഡ് എന്നിവരെയാണ് സേനയിൽ നിന്നും പിരിച്ചുവിട്ടത്.ലൈംഗികപീഡന കേസിലും വയോധികയെ മർദിച്ച കേസിലെയും പ്രതിയാണ് ഷെ.എസ്.രാജ്. പീഡനക്കേസ് അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയതിനാണ് അഭിലാഷ് ഡേവിഡിനെ പിരിച്ചുവിട്ടത്.
ലൈംഗികപീഡനക്കേസിൽ പ്രതിയാണ് റെജി ഡേവിഡ്. ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ഡി.വൈ.എസ്.പിമാരെ സസ്‌പെന്റ് ചെയ്തുവെന്ന വാർത്ത പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിലാണ് മൂന്ന് പൊലീസുകാരെ സേനയിൽ നീക്കിയത്. തിരുവനന്തപുരം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ജെ ജോൺസൺ, വിജിലൻസ് ഡി.വൈ.എസ്.പി പി. പ്രസാദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ജോൺസൺന്റെ മകളുടെ പിറന്നാളാഘോഷം സ്പോൺസർ ചെയ്തത് ഗുണ്ടകളാണെന്നും കണ്ടെത്തി.
ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാല് സി.ഐമാരെയും ഒരു എസ്.ഐയേയും കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു. പാറ്റൂരുണ്ടായ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് വെട്ടേറ്റ നിധിൻ, ആക്രമണം നടത്തിയ ഓംപ്രകാശ് എന്നിവരുമായി പല ഉദ്യോഗസ്ഥർക്കും ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് അടക്കം ഇതുസംബന്ധിച്ച റിപ്പോർട്ടും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ രണ്ട് ഡി.വൈ.എസ്.പിമാരെ സസ്പെന്റ് ചെയ്ത് സർക്കാർ ഉത്തരവിറക്കിയത്.

Post a Comment