സൊറ പറഞ്ഞും കളിച്ചും ചിരിച്ചും കൊടിയത്തൂർ പഞ്ചായത്തിലെ വയോജനങ്ങളുടെ സൊറക്കൂട്ടം


മുക്കം: ജീവിതത്തിന്റെ ഏറിയ പങ്കും വീടിനും കുടുംബത്തിനും വേണ്ടി കഷ്ട്ടപ്പെട്ടവർ. അവർ ഇന്ന് ജീവിതത്തിന്റെ സായന്തനത്തിലാണ് . ആവുന്ന കാലത്ത് അദ്ധ്വാനത്തിനിടയിലും കളിച്ചും ചിരിച്ചും സൊറപറഞ്ഞും നടന്നവർ. മറ്റുള്ളവരെ രസിപ്പിച്ചവർ. കൂടും കുടുംബവും ഒക്കെ ഇന്നുമുണ്ടെങ്കിലും മനസ്സ് തുറന്നു കുശലം പറയാനും, ആഹ്ലാദിക്കാനും സാഹചര്യമില്ലാത്തവർ, പലരും പുറം ലോകം തന്നെ അന്യമായവർ . അവർക്കൊക്കെ ജീവിതത്തിന്റെ ഈ സായാഹ്ന കാലത്ത് വീണു കിട്ടിയ അവസരമായി കൊടിയത്തൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സൊറക്കൂട്ടം. ഗ്രാമ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വയോജനങ്ങൾക്കായി പ്രത്യേക സംഗമം ഒരുക്കിയത്. ഒരു പകൽ നീണ്ടു നിന്ന സംഗമം കളിച്ചും ചിരിച്ചും പാട്ടു പാടിയും മറ്റു കലാപരിപാടികളും നടത്തിയും അവർ ആഘോഷമാക്കുകയായിരുന്നു.




 ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്തിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ആഘോഷത്തിൻ്റെ ഭാഗമായപ്പോൾ ചെറുവാടി കളിമുറ്റം ഓഡിറ്റോറിയം ഉത്സവാന്തരീക്ഷത്തിലായി.* സൊറക്കൂട്ടം എന്ന പേരിൽ നടന്ന
സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി റിയാസ് അധ്യക്ഷത വഹിച്ചു.




 പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടു മുറി, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ദിവ്യ ഷിബു, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്ത് അംഗങ്ങളായ ടി.കെ അബൂബക്കർ, ബാബു പോലുകുന്ന്, ഫ്സൽ കൊടിയത്തൂർ, രിഹ് ല മജീദ് കൊട്ടപ്പുറത്ത്, മറിയം കുട്ടി ഹസ്സൻ, കോമളം തോണിച്ചാൽ, സിജി കുറ്റികൊമ്പിൽ, ഫാത്തിമ നാസർ, രതീഷ്കളക്കുടിക്കുന്ന്, ഐസിഡിഎസ് സൂപ്പർവൈസർ ലിസ,സി ഡി എസ് ആബിദ തുടങ്ങിയവർ സംബന്ധിച്ചു.
കെ.വി അബ്ദുസലാം,സി അബ്ദു മാസ്റ്റർ എന്നിവർ ക്ലാസെടുത്തു. വയോജനങ്ങൾക്കാവശ്യമായ പദ്ധതികൾ സംബന്ധിച്ച് അവരുമായി ചർച്ച ചെയ്ത് പദ്ധതി തയ്യാറാക്കുന്നതിനും തുടക്കം കുറിച്ചു.
 വയാേജന സംഗമത്തോടനുബന്ധിച്ച് ചെറുവാടി സി.എച്ച്.സി യുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ക്യാമ്പിന് ജെഎച്ച് ഐ ദീപിക, ജെ പി എച്ച് എൻമാരായ അഖില, ബിന്ദു എന്നിവർ നേതൃത്വം നൽകി.
സംഗമത്തിനായി എത്തിയ ഇരുനൂറോളം പേർക്ക് സമ്മാനങ്ങളും നൽകിയാണ് യാത്രയയച്ചത്. 

Post a Comment

Previous Post Next Post
Paris
Paris