ഇടുക്കി: കുമളിക്ക് സമീപം ശബരിമല തീര്‍ത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 8 പേര്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം.
ഒരു കുട്ടി ഉള്‍പ്പെടെ പത്തു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് തേനി സ്വദേശികള്‍ സഞ്ചരിച്ച ടവേര കാര്‍ അപകടത്തില്‍പ്പെട്ടത്. ആണ്ടിപ്പെട്ടി സ്വദേശികളായ നാഗരാജ് (46), ദേവദാസ് (55), ശിവകുമാര്‍ (45), ചക്കംപെട്ടി സ്വദേശി മുനിയാണ്ടി (55), മറവപ്പെട്ടി സ്വദേശി കന്നി സ്വാമി (60), ഷണ്മുഖ സുന്ദര പുരം സ്വദേശി വിനോദ് കുമാര്‍ (43) തുടങ്ങിയവരാണ് മരിച്ചത്.
കേരള തമിഴ്‌നാട് അതിര്‍ത്തിയായ കുമളിയില്‍ നിന്നും മൂന്നുകിലോമീറ്റര്‍ അകലെയായാണ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്. ഹെയര്‍പിന്‍ വളവുകയറി വന്ന വാഹനം മരത്തിലിടിച്ച ശേഷം കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വെള്ളം കൊണ്ടുപോകുന്ന പൈപ്പിന് മുകളിലേക്കായിരുന്നു വാഹനം വീണത്. കുമളി പൊലീസും നാട്ടുകാരുമാണ് സംഭവസ്ഥലത്ത് ആദ്യമെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് കമ്പത്തുനിന്ന് പൊലീസും അഗ്നിരക്ഷാ സേനയും എത്തി.
ഒരു കുട്ടി അടക്കം 10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മരത്തില്‍ ഇടിച്ചപ്പോള്‍ ഏഴു വയസുകാരന്‍ പുറത്തേക്ക് തെറിച്ചുവീണതിനാല്‍ കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുട്ടിയെ കുമളിയിലെ ആശുപത്രിയിലും ഒരാളെ കമ്പത്തെ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൈപ്പിന് മുകളില്‍ തലകീഴായി മറിഞ്ഞു കിടന്നിരുന്ന വാഹനത്തില്‍ കുടുങ്ങിക്കിടന്ന മൂന്നുപേരെ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. മൃതദേഹങ്ങള്‍ തേനി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കേരള, തമിഴ്‌നാട് പൊലീസും, ഫയര്‍ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്നാണ് രണ്ടരമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഹെയര്‍ പിന്‍ വളവ് കയറിവരികയായിരുന്ന വാഹനം മരത്തിലിടിച്ച് പെന്‍സ്റ്റോക്ക് പൈപ്പില്‍ തട്ടി താഴ്ചയിലേക്ക് മറിഞ്ഞെന്നാണ് നിഗമനം. അപകടത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു.

Post a Comment