കോഴിക്കോട് : വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതോടെ ഓണവും ഗൾഫിലെ വേനലവധിയും കഴിഞ്ഞ് മടങ്ങാനിരിക്കുന്ന പ്രവാസികൾ വെട്ടിലായി. വേനലവധിക്ക് ഗൾഫിലെ സ്‌കൂളുകൾ അടച്ചതോടെ വൺവേ ടിക്കറ്റെടുത്തു നാട്ടിൽ എത്തിയവരാണ് തിരിച്ചുപോകാൻ കഷ്ടപ്പെടുന്നത്.
നാലംഗ കുടുംബത്തിന് ദുബായിലേക്കു മടങ്ങാൻ 1.6 ലക്ഷം മുതൽ 3.5 ലക്ഷം രൂപ വരെയാണ് നിരക്ക്. അബുദാബിയിലേക്കാണെങ്കിൽ 5000 മുതൽ 10,000 രൂപവരെ നിരക്ക് കൂടും. ഒരാൾക്ക് 40,000 രൂപയ്ക്കുമുകളിലാണ് നിരക്ക്. ഇത്രയും തുക കൊടുത്താലും നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റില്ല. നാലുമണിക്കൂർ യാത്രയുള്ള യു.എ.ഇ.യിലേക്ക് കണക്‌ഷൻ വിമാനങ്ങളിൽ മണിക്കൂറുകളോളം യാത്രചെയ്താലേ എത്താനാകൂ.
മസ്‌കത്തിലേക്ക് ഒരാൾക്ക് 35,000 രൂപയും നാലംഗ കുടുംബത്തിന് കുറഞ്ഞത് 1.25 ലക്ഷം രൂപയും നൽകണം. ബഹ്‌റൈനിലേക്ക് 1.7 ലക്ഷം മുതൽ 5.5 ലക്ഷം രൂപവരെ. ഒരാൾക്ക് 44,000 രൂപയ്ക്കു മുകളിലാകും. റിയാദിലേക്ക് ഒരാൾക്ക് 50,000 രൂപയും നാലംഗ കുടുംബത്തിന് 1.8 മുതൽ 9.4 ലക്ഷം രൂപ വരെയുമാണ് നിരക്ക്. കുവൈത്തിലേക്ക് ഒരാൾക്ക് കുറഞ്ഞത് 52,000 രൂപയുണ്ട‌്. ഖത്തറിലേക്ക് 1.5 മുതൽ 4.2 ലക്ഷം രൂപ വരെയാണു നിരക്ക്. ഒരാൾക്ക് 35,000 രൂപവരും. സെപ്റ്റംബർ രണ്ടാം വാരത്തോടെ നിരക്കു കുറയുമെന്നാണു കണക്കു കൂട്ടുന്നത്.
13,000 മുതൽ 17,000 വരെ ടിക്കറ്റ് നിരക്കുണ്ടായിരുന്ന സ്ഥാനത്താണ് വിമാനക്കമ്പനികളുടെ കൊള്ള. തിരക്ക് നേരിടാൻ നിരക്കുയർത്തി ലാഭംകൊയ്യുന്ന രീതിയാണ് കമ്പനികൾ സ്വീകരിക്കുന്നത്. മടക്കടിക്കറ്റ് എടുത്തവർക്കും സീറ്റ് ഉറപ്പില്ല. ഗൾഫിൽനിന്ന് നാട്ടിലേക്കുള്ള വിമാനങ്ങളിൽ യാത്രക്കാരില്ലാത്തതിനാൽ നഷ്ടം നികത്താനാണ് നിരക്കുയർത്തുന്നതെന്നാണ് കമ്പനികളുടെ വാദം. എന്നാൽ വിമാനങ്ങൾ മിക്കവയും നിറഞ്ഞാണ് പറക്കുന്നത്.

Post a Comment