എം.ബി.രാജേഷ് മന്ത്രിസഭയിലേക്ക്, എ.എൻ.ഷംസീർ സ്പീക്കർ; മുഖം മിനുക്കാൻ സർക്കാർ


തിരുവനന്തപുരം : സ്പീക്കർ എം.ബി.രാജേഷ് മന്ത്രിസഭയിലേക്ക്. മന്ത്രി എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായ ഒഴിവിലാണ് നിയമനം. എകെജി സെന്ററിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനമെടുത്തത്. തലശേരി എംഎൽഎ എ.എൻ.ഷംസീർ സ്പീക്കറാകും. എം.വി.ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്നത് തദ്ദേശം, എക്സൈസ് എന്നീ പ്രധാന വകുപ്പുകളായതിനാൽ എം.ബി.രാജേഷ് പകരക്കാരനാകുന്നതാകും ഉചിതമെന്ന് യോഗത്തിൽ ഭൂരിപക്ഷ അഭിപ്രായമുണ്ടായി. കണ്ണൂരിന് ഒരു മന്ത്രിയെ നഷ്ടപ്പെടുന്നതിനാൽ സ്പീക്കർ പദവിയിലേക്ക് കണ്ണൂരിൽനിന്നുള്ള ജനപ്രതിനിധി എത്തുകയായിരുന്നു.




സൈനിക ഉദ്യോഗസ്ഥനായിരുന്ന ചളവറ കയിലിയാട് മാമ്പറ്റ ബാലകൃഷ്ണൻ നായരുടെയും എം.കെ.രമണിയുടെയും മകനായി 1971 മാർച്ച് 12നു പഞ്ചാബിലെ ജലന്തറിലാണ് എം.ബി.രാജേഷിന്റെ ജനനം. ഒറ്റപ്പാലം എൻഎസ്എസ് കോളജിൽനിന്നു സാമ്പത്തിക ശാസ്ത്രത്തിൽ പിജിയും ലോ അക്കാദമിയിൽനിന്നു നിയമ ബിരുദവും നേടി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ സിപിഎം സംസ്ഥാന സമിതിയംഗം.

2009ലും 2014ലും പാലക്കാ‌ട് എംപി. ഡിവൈഎഫ്ഐ മുഖപത്രം ‘യുവധാര’യുടെ പത്രാധിപരായിരുന്നു. ഭാര്യ: കാലിക്കറ്റ് വാഴ്സിറ്റി യൂണിയൻ മുൻ ചെയർപഴ്സൻ ഡോ. നിനിത കണിച്ചേരി (അസി. പ്രഫസർ, കാലടി സർവകലാശാല) കെഎസ്‌ടിഎ മുൻ സംസ്‌ഥാന നേതാവ് റഷീദ് കണിച്ചേരിയുടെ മകളാണ്. മക്കൾ: നിരഞ്ജന, പ്രിയദത്ത (വിദ്യാർഥികൾ)

തലശ്ശേരിയില്‍നിന്ന് രണ്ടാം തവണയാണ് ഷംസീർ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. സിപിഎം സംസ്ഥാന സമിതി അംഗം. കണ്ണൂർ സർവകലാശാലയുടെ പ്രഥമ ചെയർമാൻ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. എൽഎൽഎം ബിരുദധാരി. തലശ്ശേരി പാറാൽ ആമിനാസിൽ റിട്ട. മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ പരേതനായ കോമത്ത് ഉസ്മാന്റെയും എ.എൻ.സെറീനയുടെയും മകനാണ്. ഭാര്യ. ഡോ. പി.എം.സഹല. മകൻ: ഇസാൻ.

Post a Comment

Previous Post Next Post
Paris
Paris