കോഴിക്കോട്:ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്ന രീതിയിൽ തെരുവുനായ ശല്യം രൂക്ഷമായിരിക്കെ ജില്ലയിൽ ഏഴു മാസത്തിനിടെ കടിയേറ്റത് 9793 പേർക്കെന്ന് ഔദ്യോഗിക കണക്ക്. സമീപ ജില്ലകളിൽ നിന്നുൾപ്പെടെ എട്ടു മാസത്തിനിടെ ഒൻപതിനായിരം പേർ കോഴിക്കോട് മെഡിക്കൽ കോളേജിൽ മാത്രം ചികിത്സ തേടി. പേ വിഷ ബാധയേറ്റ് മൂന്നു പേരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇതിൽ രണ്ടു പേർ കോഴിക്കോട് ജില്ലക്കാരാണ്. കൂത്താളി സ്വദേശിയായ വീട്ടമ്മ പ്രതിരോധവാക്സിനെടുത്തിട്ടും പേവിഷ ബാധയേറ്റ് മരിച്ചു.
മാർച്ച്, ഏപ്രിൽ, ഓഗസ്റ്റ് മാസങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ടു ചെയ്തത്. ഏപ്രിലിൽ 1999 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഓഗസ്റ്റിലെ മൊത്തം കണക്ക് ലഭ്യമായിട്ടില്ലെങ്കിലും ജില്ലയിൽ രണ്ടായിരം പേർക്കെങ്കിലും കടിയേറ്റിട്ടുണ്ടാവുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. ഓഗസ്റ്റിൽ മാത്രം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 4500 പേർ ചികിത്സ തേടി. എല്ലാ ദിവസവും ശരാശരി അഞ്ചു പേർക്കെങ്കിലും ജില്ലയിൽ പട്ടിയുടെ കടിയേൽക്കുന്നുണ്ട്.
പട്ടി വാഹനത്തിന് കുറുകെച്ചാടിയുണ്ടായ അപകടത്തിൽ ജില്ലയിൽ ഒരുമാസത്തിനിടെ രണ്ടുപേർ മരിച്ചു. തിങ്കളാഴ്ച ചേളന്നൂരിലും കുറ്റ്യാടിയിലുമായി ഇത്തരത്തിൽ അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആളുകൾക്ക് ജാഗ്രത കൂടിയതോടെ പൂച്ചയുടെ കടിയേറ്റ് ചികിത്സതേടുന്നതും കൂടി. 25,787 പേരാണ് ഏഴുമാസം കൊണ്ട് ചികിത്സ തേടിയത്.
ജനന നിയന്ത്രണമാണ് തെരുവുനായശല്യം നിയന്ത്രിക്കാൻ നിലവിലുള്ള നിയമപരമായ ഏകമാർഗം. പക്ഷേ, കോഴിക്കോട് കോർപ്പറേഷനിൽ മാത്രമേ തെരുവുനായകളെ വന്ധ്യംകരിക്കുന്ന എ.ബി.സി. സെന്ററുള്ളൂ. അത് കോർപ്പറേഷനുവേണ്ടി മാത്രമുള്ളതാണ്.
ജില്ലയിലെ മറ്റു 70 ഗ്രാമപ്പഞ്ചായത്തുകളിലും ഏഴു മുനിസിപ്പാലിറ്റികളിലും തെരുവു നായകൾ പെരുകുകയല്ലാതെ ഒരുസംവിധാനവുമില്ല. 2018-ലെ കണക്കുപ്രകാരം ജില്ലയിലാകെ 22,991 തെരുവുനായകളുണ്ടെന്നാണ് പറയുന്നത്. ഇപ്പോൾ അഞ്ചിരട്ടിയെങ്കിലും വർധിച്ചിട്ടുണ്ടാവും.
ജില്ലാപഞ്ചായത്തിന്റെ എ.ബി.സി. സെന്റർ ഇപ്പോൾ തുടങ്ങുമെന്ന് പറയുന്നതല്ലാതെ ഒന്നുമായിട്ടില്ല. പനങ്ങാട് പഞ്ചായത്തിലെ വട്ടോളിബസാറിലാണ് ജില്ലാപഞ്ചായത്തിന്റെ എ.ബി.സി. സെന്റർ പണിതത്. അത് പ്രവർത്തനം തുടങ്ങുന്നത് നീണ്ടുപോവുകയാണ്. നേരത്തെ അഞ്ചിടങ്ങളിൽ സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ എ.ബി.സി. സെന്ററുകൾ പ്രവർത്തിച്ചിരുന്നെങ്കിലും പ്രാദേശികമായ എതിർപ്പുകൾകാരണം പ്രവർത്തനം നിർത്തിവെച്ചു.
ഒരു ബ്ലോക്ക് പഞ്ചായത്തിനുകീഴിൽ ഒരു എ.ബി.സി. സെന്ററെങ്കിലും തുടങ്ങിയാലേ തെരുവുനായ നിയന്ത്രണം ഫല പ്രദമാവുകയുള്ളുയെന്ന് മൃഗസംരക്ഷണവകുപ്പിലെ വിദഗ്ധർ പറയുന്നു.
കോർപ്പറേഷനിലുള്ള നാലുപേർക്ക് മാത്രമേ ജില്ലയിൽ പട്ടിപിടിത്തത്തിൽ പരിശീലനം ലഭിച്ചിട്ടുള്ളൂ. മാത്രമല്ല, പലപ്പോഴും വില്ലന്മാരായ നായകളെ പിടികൂടാൻ കഴിയാത്തതും പ്രതിസന്ധിയാണ്. അക്രമകാരികളല്ലാത്ത നായകളെയാണ് കൂടുതലും വന്ധ്യംകരിക്കാനായി പിടികൂടുന്നത്. അക്രമകാരികളായ നായകളെ പിടികൂടുന്നതിന് പ്രാധാന്യം നൽകിയാലേ ആളുകൾക്കെതിരേയുള്ള അക്രമം കുറയുകയുള്ളൂയെന്നാണ് മൃഗ സംരക്ഷണവകുപ്പിലെ വിദഗ്ധർ പറയുന്നത്.

Post a Comment