വിസി നിയമനത്തിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബിൽ നിയമസഭയിൽ


തിരുവനന്തപുരം : സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ‘യൂണിവേഴ്സിറ്റി നിയമങ്ങൾ (ഭേദഗതി) ബിൽ 2022’ നിയമസഭയിൽ അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവാണ് ബിൽ അവതരിപ്പിച്ചത്. യുജിസി നിയമങ്ങൾക്കു വിരുദ്ധമാണ് ബില്ലെന്നും ചാന്‍സലറുടെ അധികാരം പരിമിതപ്പെടുമെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെ എതിർത്തു. ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.




സർവകലാശാലകളിലെ രാഷ്ട്രീയ നിയമനങ്ങൾക്കെതിരെ രൂക്ഷമായ വിമർശനം ഗവർണർ പതിവാക്കിയതോടെയാണു നിലവിലെ നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചത്. ബില്ലിൽ ഒപ്പിടില്ലെന്ന സൂചനകളാണ് ഇന്നലെ ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഗവർണർ ഒപ്പിട്ടില്ലെങ്കിൽ നിയമമാകില്ല.

യുജിസി ചട്ടത്തിനു വിരുദ്ധമല്ല ബില്ലെന്നു മന്ത്രി ആർ.ബിന്ദു പറഞ്ഞു. യുജിസി ചട്ടം 2018 അനുസരിച്ചു സെർച്ച് കമ്മിറ്റി അംഗങ്ങൾ ആരെന്നോ എത്രയെന്നോ പറഞ്ഞിട്ടില്ല. സേർച്ച് കം സെലക്‌ഷൻ കമ്മിറ്റിയാണ് രൂപീകരിച്ചത്. ചാൻസലറുടെ പ്രതിനിധിയെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ചാൻസലറുടെ വിവേചനാധികാരം കുറയ്ക്കുന്നില്ല. സെർച്ച് കമ്മിറ്റി അംഗങ്ങൾ ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രഗൽഭരും സർവകലാശാലയുമായോ കോളജുകളുമായോ ബന്ധമില്ലാത്തവരുമാകണം എന്നു മാത്രമേ യുജിസി ചട്ടം പറയുന്നുള്ളൂ എന്നും ആർ.ബിന്ദു ചൂണ്ടിക്കാട്ടി.

സഭയുടെ അധികാരത്തെ വെല്ലുവിളിക്കുന്നതാണ് പ്രതിപക്ഷത്തിന്റെ തടസ്സവാദമെന്നു നിയമന്ത്രി പി. രാജീവ് പറഞ്ഞു. സംസ്ഥാന സർവകലാശാലകൾ യുജിസി റെഗുലേഷൻ അനുസരിക്കണമെന്നു നിർബന്ധമില്ല. നിയമ ഭേദഗതിക്കു നിയമസഭയ്ക്ക് അധികാരം ഉണ്ടെന്നു സുപ്രീം കോടതി വിധിയുള്ളതായും മന്ത്രി പി.രാജീവ് പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris